India
Contraceptive pills in Biryani-fake campaign-police case
India

'കോയമ്പത്തൂരിൽ ഗർഭനിരോധന ഗുളിക ചേർത്ത് ബിരിയാണി ജിഹാദ്'; വീണ്ടും വിദ്വേഷ പ്രചാരണം, കേസെടുത്ത് തമിഴ്‌നാട് പൊലീസ്

Web Desk
|
22 May 2023 3:32 PM GMT

നിരവധി അക്കൗണ്ടുകൾക്കെതിരെ കോയമ്പത്തൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ചെന്നൈ: ബിരിയാണിയിൽ ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ വീണ്ടും വിദ്വേഷ പ്രചാരണം. കോയമ്പത്തൂരിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലാണ് ഹിന്ദുക്കളെ ലക്ഷ്യമിട്ട് ബിരിയാണിയിൽ ഗർഭനിരോധന ഗുളിക ചേർക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത്. പോസ്റ്റുകൾ വ്യാജമായി പ്രചരിച്ചതോടെ തമിഴ്‌നാട് പൊലീസ് കടുത്ത നടപടി കൈക്കൊണ്ടിരിക്കുകയാണ്.

ഹിന്ദു ജനസംഖ്യ കുറയ്ക്കാനായി ബിരിയാണിയിൽ ഗർഭനിരോധന ഗുളിക ചേർക്കുന്നുണ്ടെന്ന പഴയ ആരോപണം ഏറ്റുപിടിച്ചാണ് ഇടവേളയ്ക്കുശേഷം വീണ്ടും സോഷ്യൽ മീഡിയ പ്രചാരണം. ഹിന്ദുക്കളെ വന്ധീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മുസ്‌ലിം ഉപഭോക്താക്കൾക്ക് മറ്റൊരു ബിരിയാണി നൽകുന്നുവെന്നും സംഘം പ്രചരിപ്പിച്ചു. ഇത്തരത്തിൽ ഹോട്ടലുടമകളായ മുസ്‌ലിംകളെ പൊലീസ് അറസ്റ്റ് ചെയ്തതായും വ്യാജപ്രചാരണത്തിൽ അവകാശപ്പെട്ടു.

'കോയമ്പത്തൂരിൽ ബിരിയാണി ജിഹാദ്' എന്ന അടിക്കുറിപ്പോടെയാണ് ഏറെ ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റ് പ്രചരിക്കുന്നത്. ബിരിയാണിയിൽ മരുന്ന് ചേർക്കുന്നത് പൊലീസ് പിടികൂടിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ജനസംഖ്യാ മാറ്റത്തിനുള്ള ജിഹാദാണിതെന്നും ആരോപണം തുടരുന്നു.

വിവാദ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടയുടൻ കോയമ്പത്തൂർ സിറ്റി സൈബർ പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു. ഒൻപത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 465(വ്യാജം ചമയ്ക്കൽ), 505(വിവിധ സമുദായങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66(കുറ്റകരമായ വിവരം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ ഉപയോഗിക്കൽ), 66 ഡി(കംപ്യൂട്ടർ വഴിയുള്ള ആൾമാറാട്ടത്തിലൂടെ ആളുകളെ കബളിപ്പിക്കൽ) തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് സൈബർ ക്രൈം എസ്.ഐ പി. താമരക്കണ്ണൻ അറിയിച്ചു.

2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലും തമിഴ്‌നാട്ടിൽ സമാനമായ വ്യാജപ്രചാരണം ശക്തമായിരുന്നു. അന്നും കോയമ്പത്തൂരിലെ ഹോട്ടലുകളെ ലക്ഷ്യമിട്ടായിരുന്നു വിദ്വേഷ പ്രചാരണം.

Summary: Coimbatore City cyber crime police have filed cases against several twitter handles for spreading false rumors against Muslim-run hotels alleging that using contraceptive pills in Biryani

Similar Posts