വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതി വിധിയിലെ നിയമ പ്രശ്‌നം!
|കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ശേഷം രാജ്യവിടുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാന്‍ അവകാശമുണ്ടോ എന്നത് സംബന്ധിച്ച വ്യത്യസ്ത കോടതി വിധികളുണ്ടായിരിക്കെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചതില്‍ നിയമപ്രശ്‌നങ്ങള്‍ കണ്ടെത്താനാകും.
കേസില്‍ പ്രതിയായ ശേഷം വിദേശത്തേക്ക് കടക്കുന്നവരെ നിയമപരമായി എങ്ങിനെ കൈകാര്യം ചെയ്യാമെന്നതില്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് ഹൈക്കോടതി. ഇതൊരു നിമയപ്രശ്‌നമായി കോടതിക്ക് മുന്നിലുള്ള വിഷയമാണ്. ഈ വിഷയം അടുത്ത് കേട്ടത് യുവനടി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയ ഉടന്‍ നടന്‍ വിജയ് ബാബു വിദേശത്തേക്ക് മുങ്ങിയതോടെയാണ്. ദുബൈയിലെത്തിയാണ് വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ നിയമപരമായ മാര്‍ഗം നോക്കുന്നു. ഇതിനിടെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ വരുമ്പോള്‍ കോടതി പറയുന്നു- ആദ്യം നാട്ടിലെത്തൂ, എന്നിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്. എന്നാല്‍, പിന്നീട് അതൊന്നും ബാധകമാക്കാതെ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു. പിന്നീട് ഈ കേസില്‍ വിധി വരുമ്പോള്‍ ഹൈക്കോടതി ചൂണ്ടികാട്ടിയത്, ക്രിമിനല്‍ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹരജി നല്‍കാന്‍ വിദേശത്ത് താമസിക്കുന്നവര്‍ക്ക് നിയമ തടസ്സമില്ലെന്നും അന്തിമ വിധിക്ക് മുമ്പ് ഹരജിക്കാരന്‍ നാട്ടിലെത്തിയാല്‍ മതിയെന്നുമാണ്.
നിയമ പ്രകാരമുള്ള ഉപാധികള്‍ ചുമത്താന്‍ ഹരജിക്കാരന്‍ നാട്ടിലുണ്ടാകണമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണം. വിദേശത്തുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കാന്‍ നിയമത്തില്‍ തടസ്സമില്ലാത്തിടത്തോളം കോടതിക്ക് ഇത് നിഷേധിക്കാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി. വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കാനാവില്ലെന്ന് ഷാര്‍ജ പെണ്‍വാണിഭ കേസിലെയും എസ്.എം ഷാഫി കേസിലെയും കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍, വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കാന്‍ പൂര്‍ണ വിലക്കുണ്ടെന്ന് ഈ വിധിന്യായങ്ങളില്‍ പറയുന്നില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 438ലും ഇത്തരമൊരു വിലക്കില്ല. കോടതിക്ക് ഉപാധികള്‍ ചുമത്താന്‍ കഴിയുന്ന വിധത്തില്‍ പ്രതി അന്തിമ വാദത്തിനു മുമ്പ് കോടതിയുടെ അധികാര പരിധിയില്‍ ഉണ്ടാവണമെന്നാണ് പറയുന്നതെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍, കേസില്‍ പ്രതിയായ ശേഷം വിദേശത്തേക്ക് കടക്കുന്ന പ്രതികളുടെ അറസ്റ്റ് തടയലും മുന്‍കൂര്‍ ജാമ്യവും സംബന്ധിച്ചുള്ള നിയമ പ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഹൈക്കോടതി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒരു മുന്‍കൂര്‍ ജാമ്യ അപേക്ഷ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ കുവൈറ്റില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ശേഷം രാജ്യവിടുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാന്‍ അവകാശമുണ്ടോ എന്നത് സംബന്ധിച്ച വ്യത്യസ്ത കോടതി വിധികളുണ്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാന്‍ അവകാശമില്ലന്ന രണ്ടു വ്യത്യസ്ത കോടതി വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം ഡിവിഷന്‍ ബെഞ്ചിന്റെ തീര്‍പ്പിനു വിടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിദേശത്തുള്ള പ്രതിയുടെ അറസ്റ്റ് തടയാനും ഇടക്കാല ജാമ്യത്തിനുമുള്ള അവകാശവും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. വിദേശത്തുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാമെങ്കിലും കേസിന്റെ അന്തിമവാദം കേള്‍ക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാവണമെന്നായിരുന്നൂ വിജയ്ബാബു കേസിലെ കോടതി ഉത്തരവ്. എന്നാല്‍, വിദേശരാജ്യത്തു കഴിയുന്ന ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാന്‍ അവകാശമില്ലെന്ന് നേരത്തെ മറ്റു രണ്ടു കേസുകളില്‍ മുന്‍പ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നൂ. ഇതുസംബന്ധിച്ച് വ്യത്യസ്ത കോടതി വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമ പ്രശ്‌നത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് വിഷയം ഡിവിഷന്‍ ബെഞ്ചിന് വിട്ടത്.