Court Room
ട്രാൻസ്‌ജെൻഡറുകളെ ഇനിയും നമ്മൾ ചേർത്തു നിർത്തിയിട്ടില്ല
Court Room

ട്രാൻസ്‌ജെൻഡറുകളെ ഇനിയും നമ്മൾ ചേർത്തു നിർത്തിയിട്ടില്ല

ഷബ്ന സിയാദ്
|
9 Sep 2021 2:25 PM GMT

2014ൽ ട്രാൻസ്ജെൻഡറുകൾക്ക് മൂന്നാം ലിംഗ പദവി നൽകി സുപ്രിം കോടതി വിധിയുണ്ടായി. തുടർന്ന് ഇന്ത്യയിയിലാദ്യമായി ട്രാൻസ്ജെൻഡർ നയം കേരളം ആവിഷ്‌കരിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ട്രാൻസ്ജെൻഡറുകളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുകയോ അവരെ ചേർത്ത് നിർത്തുകയോ ചെയ്തിട്ടില്ല.

രണ്ടു വർഷം മുമ്പാണ് 'അരുന്ധതി'യെന്ന് അറിയപ്പെടുന്ന ഇടപ്പള്ളി സ്വദേശിയായ 25 കാരനെ ഹൈക്കോടതിയിൽ വെച്ച് പരിചയപ്പെടുന്നത്. ഇവരുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹരജിപ്രകാരം കോടതിയിലെത്തിയതാണ്. മകൻ പുരുഷനും മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിക്കുന്നയാളുമാണെന്നും ട്രാൻസ് ജെൻഡർ സംഘം നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അമ്മ ഹരജി നൽകിയിരുന്നത്. എന്നാൽ, താൻ ട്രാൻസ്‌ജെൻഡറാണെന്ന് അരുന്ധതി ആവർത്തിക്കുകയായിരുന്നു. രൂപത്തിലും ഭാവത്തിലുമെല്ലാം സ്ത്രീ രൂപമാണ് ഇവരുടേത്. കൂടാതെ മനോഹരമായി പാടുകയും ചെയ്യുമായിരുന്നു.

അമ്മയും മകനും കോടതിയിൽ ഇരുവരുടെയും വാദങ്ങൾ ഉയർത്തുകയാണ്. ഏക മകനെ തനിക്ക് നൽകണമെന്ന് അമ്മയും തന്റെ സ്വാതന്ത്രമാക്കണമെന്നും മകനും. കോടതി അമ്മയുടേയും 'മകന്റെ'യും വാദങ്ങൾ കേട്ട ശേഷം വൈദ്യ -മനഃശാസ്ത്ര പരിശോധനക്ക് വിധേയനാക്കാനായി കാക്കനാട്ടെ കുസുമഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുന്നു. ഒരു സംഘം ഡോക്ടർമാർ പരിശോധിക്കുന്നു. ഇയാൾക്ക് മതിഭ്രമമോ മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങളോ ഇല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ പറഞ്ഞത്. ഇതോടെ പ്രായപൂർത്തിയായ ഒരാളുടെ തീരുമാനത്തിന് വിരുദ്ധമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുന്നു. നാഷണൽ ലീഗൽ സർവീസ് അതോറിറ്റി, യൂനിയൻ ഓഫ് ഇന്ത്യ കേസിലെയും ഹാദിയ കേസിലെയും സുപ്രിംകോടതി വിധി പരാമർശിച്ചായിരുന്നു കോടതിയുടെ തീരുമാനം. പിന്നീട് അരുദ്ധതിയായി തന്നെ അവൾ സ്വന്തം ഇഷ്ടങ്ങളിലേക്ക് മടങ്ങുന്നതാണ് കണ്ടത്.

ഇപ്പോഴിത് പറയാനുണ്ടായ സാഹചര്യം ഹൈക്കോടതി തന്നെ ട്രാൻസ് ജെൻഡർ വിഷയത്തിൽ ഇടപെടൽ നടത്തിയതുകൊണ്ടാണ്. 2014ൽ ട്രാൻസ്ജെൻഡറുകൾക്ക് മൂന്നാം ലിംഗ പദവി നൽകി സുപ്രിം കോടതി വിധിയുണ്ടായി. തുടർന്ന് ഇന്ത്യയിയിലാദ്യമായി ട്രാൻസ്ജെൻഡർ നയം കേരളം ആവിഷ്‌കരിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ട്രാൻസ്ജെൻഡറുകളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുകയോ അവരെ ചേർത്ത് നിർത്തുകയോ ചെയ്തിട്ടില്ല. സമത്വവും അന്തസ്സും നേടിയെടുക്കാൻ അവരിപ്പോഴും നിയമവഴികൾ തേടുകയാണ്.

തങ്ങളുടെ ബയോളജിക്കൽ പ്രശ്നങ്ങൾ ഡോക്ടർമാർ പഠിക്കണമെന്ന ആവശ്യം ഇവർ ഹൈക്കോടതിയിൽ ഉന്നയിച്ചു. തുടർന്നാണ് എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെയും ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെയും കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുത്തണമെന്നു ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്. ഇവരെ കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവമായി കാണേണ്ടതാണെന്നും അടിയന്തര നടപടി സ്വീകരിക്കേണ്ട വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ബോർഡിനോട് ഇതിനു നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ദിശയുൾപ്പെടെ സംഘടനകൾ സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് കോടതി നിർദ്ദേശം. നിലവിൽ എം.ബി.ബി.എസ് പാഠ്യപദ്ധതികളുടെ ഉള്ളടക്കങ്ങളിലൊന്നും ട്രാൻസ്ജെൻഡർ വിഭാഗത്തെ കുറിച്ച് പഠനമില്ല. ഭിന്നലിംഗക്കാർ സ്വവർഗാനുരാഗികൾ എന്നിവരെക്കുറിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽ നിന്നു മാറ്റി നിർത്തുന്നത് വിവേചനപരവും മനുഷ്യത്വരഹിതവുമാണെന്നും അവർ പറയുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു മെഡിക്കൽ ബോർഡിനു ഇവർ പലതവണ നിവേദനം നൽകി. എന്നാൽ അനുഭാവപൂർണമായ നടപടി സ്വീകരിച്ചില്ലെന്ന് ഇവരുടെ പറയുന്നു. ഇതോടെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഡോക്ടർമാരെങ്കിലും ഇവരെ കുറിച്ച് പഠിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് പി.എസ്.സി അപേക്ഷയിൽ പ്രത്യേക കോളം വേണമെന്നത് വളരെയധികം നിയമപോരാട്ടം നടത്തിയ കാര്യമാണ്. ഒദ്യോഗിക രേഖകളിൽ ആണിനും പെണിനുമൊപ്പം മൂന്നാമതൊരു കോളമെന്നതും ഇവർ പരിശ്രമിച്ച് നേടിയതാണ്.

സംസ്ഥാനസർക്കാർ ട്രാൻസ്‌ജെൻഡർ ക്ഷേമ നയം കൊണ്ടുവന്ന ശേഷം ഒരു തരത്തിലുള്ള വിവേചനവും ട്രാൻസ് ജെൻഡറുകൾ നേരിടരുതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ട്രാൻസ്ജെൻഡർ, ഭിന്ന ലൈംഗികത, ലൈംഗീക വൈവിധ്യം, തുടങ്ങി പല വാക്കുകളുടെയും അർത്ഥം പോലും ഇനിയും നമ്മുടെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ആണ്- പെണ്ണ് എന്ന രണ്ടു ലിംഗ പദവികൾ മാത്രമേ ഇപ്പോഴും പരിചയമുള്ളൂ.

മങ്ങിയ വെളിച്ചത്തിൽ തെരുവിലെ ചില പ്രത്യേക കോണുകളിലൊക്കെ കാണപ്പെടുന്ന പലരും വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരൊക്കെയാണ്. ശാരീരികമായി സ്ത്രീയായി മാറാൻ വേണ്ടി ശസ്ത്രക്രിയ നടത്തിയ അനന്യക്ക് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്നത് ഈയടുത്താണ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് സംസ്ഥാനത്ത് പ്രോട്ടോകോളൊന്നുമില്ല. ട്രാൻസ്ജെൻഡറുകളുടെ മരണത്തോട ഇവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചതായി അറിയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോളും ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. ആ പ്രതീക്ഷയിൽ ജീവിക്കുന്ന ആയിരങ്ങൾ ഇനിയും നമുക്ക് ചുറ്റുമുണ്ട്.




Similar Posts