വിപ്ലവസൂര്യനു വിട; സീതാറാം യെച്ചൂരി അന്തരിച്ചു
|ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയെ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.
1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1974ലാണ് എസ്എഫ്ഐയിലൂടെ ചേരുന്നത്. ജെഎൻയുവിലെ പഠനകാലത്താണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്‍ക്കെതിരെ കാംപസിലും പുറത്ത് രാജ്യതലസ്ഥാനത്തും നടന്ന വിദ്യാര്‍ഥി പ്രധിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു യെച്ചൂരി. ഇതിന്‍റെ പേരില്‍ ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായി. ഇതേവർഷം തന്നെ അഖിലേന്ത്യാ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1992 മുതൽ മരണംവരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.
2015ല്‍ സിപിഎം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ് കാരാട്ടില്‍നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംതവണയും പാര്‍ട്ടി നായകനായി.
2005ല്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിശ്തി ആണ് ഭാര്യ. യുകെയില്‍ സെന്‍റ് ആന്‍ഡ്ര്യൂസ് സര്‍വകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളുമാണ്.
Summary: CPM General Secretary Sitaram Yechury passes away at 72