Cricket
ഫഖര്‍ സമന്‍, വൈകി വന്ന ‘റെക്കോഡ്’ വസന്തം
Cricket

ഫഖര്‍ സമന്‍, വൈകി വന്ന ‘റെക്കോഡ്’ വസന്തം

Web Desk
|
23 July 2018 2:47 PM GMT

ഏകദിന അരങ്ങേറ്റത്തിന്‌ 27 വയസുവരെ കാത്തിരിക്കേണ്ടി വന്ന ഫഖര്‍സമന്‍, റെക്കോഡുകളുടെ വസന്തം തന്നെ തീര്‍ത്താണ്‌ മുന്നോട്ടു കുതിക്കുന്നത്‌...

ഏകദിനത്തില്‍ അരങ്ങേറുന്നതിന്‌ 27 വയസുവരെ കാത്തിരിക്കേണ്ടി വന്ന താരമാണ്‌ ഫഖര്‍ സമന്‍. എന്നാല്‍ ആദ്യ ഏകദിനത്തിന്‌ ശേഷം ഒരു വര്‍ഷം കഴിയുമ്പോഴേക്കും റെക്കോഡുകളുടെ അടുത്ത കൂട്ടുകാരനായിരിക്കുകയാണ്‌ ഈ പാകിസ്‌താന്‍ മുന്‍നിര ബാറ്റ്‌സ്‌മാന്‍. പാകിസ്‌താന്‍ ക്രിക്കറ്റില്‍ വൈകിയെത്തി റെക്കോഡുകളുടെ വസന്തം തന്നെ തീര്‍ത്താണ്‌ ഫഖര്‍ സമനെന്ന ഇടംകയ്യന്‍ ബാറ്റ്‌സ്‌മാന്‍ കുതിക്കുന്നത്‌.

സിംബാബ്‌വേക്കെതിരെ നടന്ന അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്‌ ഫഖര്‍ സമന്റെ റെക്കോഡ്‌ പ്രകടനങ്ങളുടെ വേദിയായി മാറിയത്‌. അഞ്ച്‌ മത്സരങ്ങളുള്ള ഏകദിനത്തില്‍ 500 റണ്‍സ്‌ തികയ്‌ക്കുന്ന രണ്ടാമത്തെ താരം, പാകിസ്‌താനുവേണ്ടി ആദ്യ ഏകദിന ഡബിള്‍ സെഞ്ചുറി(210*), ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ്‌ എന്നിങ്ങനെ നിരവധി റെക്കോഡുകളാണ്‌ ഫഖര്‍ സമന്‍ സ്വന്തം പേരിലേക്ക്‌ മാറ്റി എഴുതിയിരിക്കുന്നത്‌.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി മാത്രമാണ്‌ അഞ്ച്‌ മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 500ല്‍ കൂടുതല്‍ റണ്‍സ്‌ നേടിയ താരം. ദക്ഷിണാഫ്രിക്കക്കെതിരെ ഈ വര്‍ഷമാദ്യം നടന്ന ഏകദിനത്തില്‍ കോഹ്ലി 558 റണ്‍സ്‌ നേടിയിരുന്നു. കോഹ്ലിക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു ഫഖര്‍ സമന്റേതും. അഞ്ച്‌ കളികളില്‍ നിന്നും 257.50 ശരാശരിയില്‍ 515 റണ്‍സാണ്‌ ഫഖര്‍സമന്‍ നേടിയത്‌. 60, 117*, 43*, 210*, 85 എന്നിങ്ങനെയായിരുന്നു ഫഖര്‍ കുറിച്ച സ്‌കോറുകള്‍.

ക്രിക്കറ്റിലെ ബാറ്റിംങ്‌ ഇതിഹാസം വിവിയന്‍ റിച്ചാഡ്‌സിന്റെ റെക്കോഡാണ്‌ അതിവേഗ 1000 റണ്‍സില്‍ ഫഖര്‍ മറികടന്നത്‌. 1980ല്‍ വിവ്‌ റിച്ചാഡ്‌സ്‌ 21 ഏകദിനങ്ങളില്‍ നിന്നായിരുന്നു ആദ്യ 1000 റണ്‍സ്‌ കടന്നത്‌. റിച്ചാഡ്‌സിന്റെ ഈ നേട്ടത്തിനൊപ്പമെത്താന്‍ ഇംഗ്ലീഷ്‌ താരങ്ങളായ പീറ്റേഴ്‌സണും, ജൊനാഥന്‍ ട്രോട്ടിനും ദക്ഷിണാഫ്രിക്കയുടെ ഡി കോക്കിനും സാധിച്ചിരുന്നു. ഫഖര്‍ സമന്‌ ഏകദിനത്തിലെ ആദ്യ 1000 റണ്‍സ്‌ കുറിക്കാന്‍ വെറും 18 ഏകദിനങ്ങളേ വേണ്ടി വന്നുള്ളൂ.

Related Tags :
Similar Posts