ടെസ്റ്റ് പരമ്പര: നേട്ടം ഇന്ത്യക്ക്; പേടിയോടെ ഇംഗ്ലണ്ട്
|ഏകദിനത്തിലും ടി20യിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലണ്ട് അല്പം പ്രയാസപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസമായി കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ഉഷ്ണ തരംഗം സ്പിന്നര്‍മാര്‍ക്കാണ് ഗുണകരാമാവുക എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇന്ത്യയ്ക്കാണ് സ്പിന്‍ കരുത്ത്. ഏകദിനത്തിലും ടി20യിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലണ്ട് അല്പം പ്രയാസപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചൈനമാന്‍ കുല്‍ദീപ് യാദവിന്റെ പന്തുകള്‍. ഈയൊരു ചൂട് കാലാവസ്ഥ മുന്നില്‍കണ്ടാണ് ടെസ്റ്റ് ടീമില്‍ ഏറെക്കാലം ഇല്ലായിരുന്ന ആദില്‍ റാഷിദിനെ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയതും. ആഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ്.
കുല്‍ദീപിനെക്കൂടാതെ ടെസ്റ്റ് ടീമിലെ സ്ഥിരം സ്പിന്‍ ദ്വയങ്ങളായ ആര്.അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ഉണ്ട്. ഇനി ഇവര്‍ മൂന്ന് പേരും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടാലും അല്‍ഭുതപ്പെടാനില്ലെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മനിന്ദര്‍ സിങ് ഈ വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെ; കാലാവസ്ഥ അനുസരിച്ചാ ണെങ്കില്‍ കൂടുതല്‍ സ്പിന്നര്‍മാരെ കളിപ്പിക്കാനായിരിക്കും ടീമുകള്‍ ശ്രമിക്കുക, അങ്ങനെയാണെങ്കില്‍ കുല്‍ദീപിനും അശ്വിനും ആവും നന്നാവുക, രണ്ട് പേര്‍ക്കും വിക്കറ്റ് വീഴ്ത്താനാവും എന്നതാണ് കാരണം. വിദേശ മണ്ണില്‍ വിക്കറ്റ് വീഴ്ത്തുന്നവരെയാണ് ആവശ്യം, 30 ഓവറില്‍ 120 റണ്‍സ് വിട്ടുകൊടുത്താണെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
1986ല്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു മനീന്ദര്‍ സിങ്. 12 വിക്കറ്റുകളാണ് സ്പിന്നര്‍ കൂടിയായ മനീന്ദര്‍ വീഴ്ത്തിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെത് ക്ലിക്കാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് ടെസ്റ്റാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20-ഏകദിന പരമ്പരകള്‍ ഇരു ടീമുകളും സ്വന്തമാക്കിയരുന്നു. ടി20 ഇന്ത്യയും ഏകദിനം ഇംഗ്ലണ്ടുമായിരുന്നു ജയിച്ചിരുന്നത്. അതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ ആര് സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.