പത്രം വായിക്കരുത്, സോഷ്യല്‍മീഡിയ നോക്കരുത്... ശ്രേയസ് അയ്യര്‍ക്ക് ധോണി നല്‍കിയ ഉപദേശം; കാരണമിതാണ്...
|ഐ.പി.എല്‍ ലേലത്തില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ്. മുമ്പേ എനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടി ഒരു ദിവസം പെട്ടെന്ന് മെസേജുകള്‍ അയക്കാന്‍ തുടങ്ങി.
എം.എസ് ധോണി തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തി യുവ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. സകല മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനായിരുന്നു ആ ഉപദേശം. ''ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിയ സമയത്താണ് ധോണി എന്നെ കാര്യമായി ഉപദേശിച്ചത്. ഒരു പത്രവും വായിക്കരുത്. സാധിക്കുമെങ്കില്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് പൂര്‍ണമായും അകന്ന് നില്‍ക്കണം. എങ്കില്‍ മാത്രമേ ഫീല്‍ഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂ'' - ധോണി ഉപദേശിച്ചതായി ശ്രേയസ് അയ്യര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ തന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗമായിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയയോടുള്ള അഭിനിവേശം നിയന്ത്രിക്കാന്‍ തനിക്ക് കഴിഞ്ഞു. ധോണിയുടെ ആ ഉപദേശമാണ് തനിക്ക് പ്രചോദനമായത്. തന്നെ മുന്നോട്ട് നയിച്ചതും ആ വാക്കുകളായിരുന്നുവെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. പിന്നീട് ആരാധകരെ എങ്ങനെയാണ് താന്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തതെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. ''ഐ.പി.എല്‍ ലേലത്തില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ്. മുമ്പേ എനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടി ഒരു ദിവസം പെട്ടെന്ന് മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ലെങ്കിലും പിന്നീട് എന്തുകൊണ്ടാണ് തുടര്‍ച്ചയായി ഇങ്ങനെ മെസേജ് അയക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. സന്തോഷം കൊണ്ടാണെന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി, അവള്‍ എന്‍റെ പണത്തിന്‍റെ പിന്നാലെയായിരുന്നുവെന്ന്.'' - ശ്രേയസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ വെടിക്കെട്ട് പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. 14 ഇന്നിങ്സുകളില്‍ നിന്നായി 132 സ്ട്രൈക്ക് റേറ്റില്‍ 411 റണ്‍സാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. നോക്കൌട്ട് കടക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കഴിഞ്ഞില്ലെങ്കിലും ശ്രേയസിന്‍റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.