ഏകദിനത്തില്‍ ആദ്യ ജയം സ്വന്തമാക്കി നേപ്പാള്‍
|ഒരു റണ്‍സിനായിരുന്നു നേപ്പാളിന്റെ ത്രില്ലിങ് ജയം.
നെതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ഏകദിന ക്രിക്കറ്റില്‍ ആദ്യ ജയം സ്വന്തമാക്കി നേപ്പാള്‍. ഒരു റണ്‍സിനായിരുന്നു നേപ്പാളിന്റെ ത്രസിപ്പിക്കുന്ന ജയം. 217 റണ്‍സാണ് നെതര്‍ലാന്‍ഡിനായി നേപ്പാള്‍ മുന്നോട്ടുവെച്ച വിജയലക്ഷ്യം. 114ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ നെതര്‍ലാന്‍ഡ്. അവിടുന്നങ്ങോട്ട് നെതര്‍ലാന്‍ഡ് തകരുകയായിരുന്നു. 71 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് പിന്നീടവര്‍ക്ക് നഷ്ടമായത്. 215 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
കളി അവസാന ഓവറിലേക്കും പിന്നെ അവസാന പന്തിലും എത്തി. അവസാന പന്തില്‍ നെതര്‍ലാന്‍ഡിന് ജയിക്കാന്‍ രണ്ടും സമനിലക്ക് ഒരു റണ്‍സും എന്ന നിലയിലെത്തി. എന്നാല്‍ അവസാന പന്തില്‍ വിജയറണ്‍ കുറിക്കാന്‍ നെതര്ലാന്ഡിനായില്ല. പൊരുതി നേടിയ വിജയവുമായി നേപ്പാള്‍ ഏകദിന ക്രിക്കറ്റില്‍ വരവറിയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സ് നേടിയത്.
പരാസ്(51)സോംപാല്‍ കമി(61) എന്നിവരാണ് നേപ്പാളിനായി തിളങ്ങിയത്. നെതര്‍ലാന്‍ഡിനായി വെസ്ലി ബരേസി(71) പൊരുതി നോക്കിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപാണ് നേപ്പാളിനായി ബൌളിങ്ങില് തിളങ്ങിയത്. 41 റണ്‍സ് വിട്ടുകൊടുത്തായിരുന്നു സന്ദീപിന്റെ പ്രകടനം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കാനും നേപ്പാളിനായി.