പത്ത് വിക്കറ്റുമായി സിറാജ്: അഗര്‍വാളിന്റെ ഇരട്ടസെഞ്ച്വറി; അല്‍ഭുത പ്രകടനവുമായി ഇന്ത്യ എ
|ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ എക്ക് തട്ടുതകര്‍പ്പന്‍ ജയം. ഇന്ത്യയുടെ ഭാവി ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ തങ്ങളെന്തുകൊണ്ടും അര്‍ഹരാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു എ ടീമിന്റേത്. ഇന്നിങ്‌സിനും 30 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ബംഗളൂരുവിലായിരുന്നു മത്സരം. ഇരട്ട സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍ പത്ത് വിക്കറ്റ് നേട്ടവുമായി പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ നിരയില്‍ അല്‍ഭുത പ്രകടനം പുറത്തെടുത്തത്. രണ്ട് ഇന്നിങ്‌സിലും കൂടിയായിരുന്നു സിറാജിന്റെ പത്ത് വിക്കറ്റ് പ്രകടനം. ആദ്യ ഇന്നിങ്‌സിലായിരുന്നു മായങ്ക് അഗര്‍വാളിന്റെ ഡബിള്‍ സെഞ്ച്വറി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 246 റണ്‍സിന് പുറത്തായി. 94 റണ്‍സെടുത്ത റൂഡി സെക്കന്‍ഡിന് മാത്രമെ തിളങ്ങാനായുള്ളൂ. സിറാജിന്റെ നേതൃത്വത്തിലുള്ള പേസ് പട ദക്ഷിണാഫ്രിക്കയെ പൂട്ടുകയായിരുന്നു. 20.3 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളടക്കം 56 റണ്‍സ് വിട്ടുകൊടുത്തായിരുന്നു സിറാജിന്റെ നേട്ടം. നവ്ദീപ് സെയ്‌നി, രജ്‌നീഷ് ഗര്‍ബാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി സിറാജിന് പിന്തുണയേകി. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ ഇന്ത്യ കടന്നാക്രമിക്കുകയായിരുന്നു.ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ ബാറ്റായിരുന്നു ഏവരെയും അമ്പരപ്പിച്ചത്.
251 പന്തില്‍ നിന്ന് 220 റണ്‍സാണ് അഗര്‍വാള്‍ ബംഗളൂരുവില്‍ സ്വന്തമാക്കിയത്. 31 വട്ടം പന്ത് അതിര്‍ത്തിവര തൊട്ടപ്പോള്‍ നാല് തവണ അതിര്‍ത്തിവരക്കപ്പുറം പതിച്ചു. മറ്റൊരു ഓപ്പണറായ പൃഥ്വിഷാ 136 റണ്‍സുമായി അഗര്‍വാളിന് കട്ടസപ്പോര്‍ട്ട് കൊടുത്തു. ഹനുമ വിഹാരി(54) ശിഖര്‍ ഭരത്(64) എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ഒഴുകിയെത്തിയത് എട്ടിന് 584. വന്‍ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയെ ഇത്തവണയും നിലം തൊടാന്‍ സിറാജും കൂട്ടരും സമ്മതിച്ചില്ല. 308ന് എല്ലാവരെയും കൂടാരം കയറ്റി. ഇന്ത്യ ഇന്നിങ്‌സിന്റെയും 30 റണ്‍സിന്റെയും വിജയം ആഘോഷിച്ചു. റൂഡി സെക്കന്‍ഡ് രണ്ടാമതും 94 നേടി. രണ്ട് ഇന്നിങ്സിലും 94 എന്നത് റൂഡിന്റെ പ്രകടനത്തെ വേറിട്ടതാക്കി.
ये à¤à¥€ पà¥�ें- ഈ ഓട്ടോറിക്ഷക്കെന്താ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാര്യം?
ഷോണ്‍ വോന്‍ ബെര്‍ഗ്(50) സുബൈര്‍ ഹംസ(63) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി എത്തിനോക്കിയെങ്കിലും കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്‌സിലും സിറാജ് വിശ്വരൂപം പുറത്തെടുത്തു. 27.5 ഓവറില്‍ ഒമ്പത് മെയ്ഡന്‍ ഓവറുകളടക്കം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഗര്‍ബാനി രണ്ടും സെയ്‌നി, അക്‌സര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. സ്പിന്നിനെ അതിയായി സഹായിക്കുന്ന പിച്ചില്‍ പേസറായ സിറാജിന്റെ പ്രകടനം ശ്രദ്ധേയമായി.