Cricket
അരങ്ങേറ്റത്തിലെ ആ സിക്‌സര്‍ എങ്ങനെ സംഭവിച്ചു; റിഷബ് പന്ത് പറയുന്നു 
Cricket

അരങ്ങേറ്റത്തിലെ ആ സിക്‌സര്‍ എങ്ങനെ സംഭവിച്ചു; റിഷബ് പന്ത് പറയുന്നു 

Web Desk
|
25 Aug 2018 10:11 AM GMT

ഈ മാസം 30നാണ് പരമ്പരയിലെ നാലാം മത്സരം തുടങ്ങുക. 

റിഷബ് പന്തിനെപ്പോലെ നന്നായി പെരുമാറുന്നവര്‍ക്ക് പറ്റിയ കളരിയില്ല ടെസ്റ്റ് ക്രിക്കറ്റ്. ക്ഷമയും കഴിവും ആവോളം ഒത്താലെ ടെസ്റ്റില്‍ നിലനില്‍പ്പുള്ളൂ. പക്ഷേ റിഷബ് പന്തിനെ ക്രിക്കറ്റ് ലോകം അറിയുന്നത് ഈ ഗണത്തിലല്ല താനും. ടി20യില്‍ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്ചവെക്കുന്നവനായിട്ടാണ് പന്തിന്റെ പെരുമ. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള നോട്ടിങ്ഹാം ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടിയ പന്ത് അവസരം മുതലാക്കുകയായിരുന്നു. അതും സ്വന്തം ശൈലിയില്‍ തന്നെ. ടെസ്റ്റില്‍ നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സര്‍ പറത്തുന്ന താരമാവാനും പന്തിനായി.

ആദില്‍ റാഷിദ് എറിഞ്ഞ ആദ്യ ബോളില്‍ പന്തിന് റണ്‍സൊന്നും നേടാനായിരുന്നില്ല. രണ്ടാം ബോളിലായിരുന്നു പന്ത് സിക്‌സര്‍ പറത്തിയത്. ഇത്തരത്തില്‍ ഒരു സിക്‌സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും റിഷബ് പന്തിനായി. പക്ഷേ ആ ഷോട്ടിനെക്കുറിച്ച് പന്ത് പറയുന്നത് ഇങ്ങനെ; ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ എല്ലാവിധ അങ്കലാപ്പും എല്ലാവരെയുംപോലെ എനിക്കന്നുണ്ടായിരുന്നു, എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് മുന്‍കൂട്ടിച്ചിന്തിച്ചിരുന്നില്ല, ബോള്‍ വരുന്നത് കണ്ടു, കളിച്ചു. അത്രമാത്രമാണ് അന്ന് സംഭവിച്ചതെന്ന് പന്ത് പറയുന്നു. ദിനേശ് കാര്‍ത്തിക് ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയമായതിനെതുടര്‍ന്നാണ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ പന്തിന് അവസരം ലഭിക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 24ഉം രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമെ പന്തിന് നേടാനായുള്ളൂ. എന്നിരുന്നാലും മധ്യനിരയില്‍ ആത്മവിശ്വാസത്തോടെ ബാറ്റേന്താന്‍ അദ്ദേഹത്തിനാവുമെന്നാണ് വിലയിരുത്തലുകള്‍. ഇംഗ്ലണ്ടില്‍ വിക്കറ്റ് കീപ്പ് ചെയ്യുക എന്നത് വെല്ലുവിളിയാണ്, കാരണം ബാറ്റ്‌സ്മാനെ ബീറ്റ് ചെയ്യുന്നതോ അല്ലെങ്കില്‍ ബാറ്റ്‌സ്മാന്‍ ലീവ് ചെയ്യുന്നതോ ആയ പന്തുകളായിരിക്കും അധികമെന്നും ഇന്ത്യന്‍ എയ്ക്ക് വേണ്ടി ഇവിടെ മുമ്പ് കളിച്ചതിന്റെ അനുഭവം ഗുണമായെന്നും റിഷബ് പന്ത് പറയുന്നു. 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ട് ജയിച്ചതിനാല്‍ പരമ്പരയില്‍ അവര്‍ 2-1ന് മുന്നിലാണ്. സൗതാപ്‌ടെണില്‍ ഈ മാസം 30നാണ് പരമ്പരയിലെ നാലാം മത്സരം തുടങ്ങുക.

Similar Posts