“നിങ്ങള്‍ ഉത്തരം പറഞ്ഞെ മതിയാവൂ”
|ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും ഇന്ത്യ തോറ്റതോടെ വിമര്‍ശനങ്ങള്‍ക്കും കനംവെക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കി വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറക്കാനായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ രണ്ടിലും പൊട്ടി. ടി20 പരമ്പര മാത്രമാണ് നേടിയത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യ കടലാസിലൊതുങ്ങുന്നുവെന്ന സ്ഥിരം പല്ലവികളെ തള്ളാന്‍ ഇക്കുറിയും കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞില്ല. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തുള്ളത്.
ബാറ്റ്‌സ്മാന്മാരുടെ പരാജയത്തിന് പുറമെ മുഖ്യപരിശീലകന്‍ രവിശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും പരാജയത്തില്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു ഗാംഗുലി. 2011 മുതല്‍ വിദേശ മണ്ണുകളിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ നോക്കുക, കാര്യമായി തിളങ്ങാന്‍ അവര്‍ക്കാവുന്നില്ല, വലിയ ടൂര്‍ണമെന്റുകളില്‍ പരാജയപ്പെടുന്നു, ഒരു പരമ്പരയില്‍ വിരാട് കോഹ്ലിയെ വെച്ച് നോക്കുമ്പോള്‍ മറ്റു ബാറ്റ്‌സ്മാന്മാര്‍ വേറേ ഏതോ ബൗളര്‍മാരെയാണ് നേരിടുന്നത് എന്ന് തോന്നിപ്പോകും. പല കാരണങ്ങള്‍ കൊണ്ടാണ് ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്നതെന്നും അതിലൊന്ന് ആത്മവിശ്വാസമില്ലായ്മയാണെന്നും ഗാംഗുലി പറഞ്ഞു.
രഹാനയേയോ, പൂജാരയേയോ നോക്കുക, മുമ്പത്തെപ്പോലെയല്ല അവര്‍, എന്താണ് ടീമിനെ അലട്ടുന്ന പ്രശ്‌നമെന്ന് പറയേണ്ട ഉത്തരവാദിത്തം മുഖ്യ പരിശീലകനായ രവിശാസ്ത്രിക്കും ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറിനുമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അവസാന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റു, ഇനി സതാപ്ടണ്‍ ടെസ്റ്റ് നോക്കുക, ജയിക്കാമായിരുന്നു അതില്‍, കോഹ്ലി ഔട്ടായതിന് ശേഷം കമന്റേറ്റര്‍മാര്‍ പറയുന്നുണ്ടായിരുന്നു, ഇന്ത്യ തോല്‍ക്കുമെന്ന്, അത് തന്നെ സംഭവിച്ചു, കഴിഞ്ഞ കുറച്ച് കാലമായി സംഭവിക്കുന്നത് അതാണ്. 20 വിക്കറ്റ് വീഴ്ത്തിയിട്ട് കാര്യമില്ല, റണ്‍സ് കൂടി നേടിയാലെ വിജയിക്കൂവെന്നും ഗാംഗുലി ഓര്‍മിപ്പിച്ചു.