ഏഷ്യാ കപ്പ് ക്രിക്കറ്റ് മുഖ്യ പ്രായോജക പദവി ‘യൂനിമണി’ കരസ്ഥമാക്കി
|ദുബൈ, അബൂദബി നഗരങ്ങളിലായി സെപ്റ്റംബർ 15 മുതൽ ഏഷ്യാ കപ്പ് ആരംഭിക്കും
ദുബൈ, അബൂദബി നഗരങ്ങളിലായി സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മുഖ്യ പ്രായോജക പദവി ആഗോള സാമ്പത്തിക സേവന സ്ഥാപനമായ 'യൂനിമണി' കരസ്ഥമാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും മധ്യ പൂർവേഷ്യയിലെയും ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്തുന്ന രണ്ടാഴ്ചത്തെ കളിയുത്സവത്തിന് ആദ്യമായാണ് ഒരു ആഗോള ധനകാര്യ ബ്രാൻഡ് മുഖ്യ പ്രായോജകരാവുന്നത്. കഴിഞ്ഞ തവണ 300 ദശലക്ഷം ക്രിക്കറ്റ് പ്രേമികൾ വീക്ഷിച്ച ഏഷ്യാകപ്പ് ഇപ്രാവശ്യം ചരിത്രം തിരുത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15ന് ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ഉദ്‌ഘാടന മത്സരം. 28ന് വെള്ളിയാഴ്ച ഫൈനൽ മത്സരവും ഇതേ വേദിയിലായിരിക്കും. ഇത് മൂന്നാമത്തെ തവണയാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് യു.എ.ഇയിൽ നടക്കുന്നത്.
പ്രമുഖ പദവിയോടെ ഏഷ്യാ കപ്പ് മേളയുമായി സഹകരിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂനിമണി, യു.എ.ഇ എക്സ്ചേഞ്ച് ശൃംഖലകൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾഡിങ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു.
യൂനിമണി ഏഷ്യാ കപ്പ് 2018ന്റെ മുഖ്യ പ്രായോജകരാവുമ്പോൾ പരസ്പര ബന്ധത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണെന്ന് ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഏഷ്യൻ ക്രിക്കറ്റ് മഹോത്സവത്തിന്റെ തിലകക്കുറിയാവാൻ കഴിഞ്ഞത് തങ്ങളുടെ സേവന സംസ്കാരത്തിെന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് യൂനിമണി ഇന്ത്യ എം.ഡി.യും സി.ഇ.ഒയുമായ അമിത് സക്‌സേന അഭിപ്രായപ്പെട്ടു.