അഞ്ച് പുതുമുഖങ്ങള്‍; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ
|ആസ്ട്രേലിയ പാകിസ്താനെതിരെ യു.എ.ഇയില്‍ ആരംഭിക്കുന്ന ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.
സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവം വല്ലാതെ അലട്ടുന്ന ആസ്ട്രേലിയ പാകിസ്താനെതിരെ യു.എ.ഇയില്‍ ആരംഭിക്കുന്ന ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമായ ആരോണ്‍ ഫിഞ്ചും ട്രാവിസ് ഹെഡും ഉള്‍പ്പെടെ അഞ്ച് പേരാണ് ടെസ്റ്റ്ടീമിലേക്ക് എത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര അടുത്ത മാസം ഏഴിനാണ് ആരംഭിക്കുക. ടീം പെയ്നാണ് നായകന്. മൈക്കല്‍ നെസര്‍, ബ്രെന്‍ഡന്‍ ഡോഗെറ്റ്, മാര്‍ണസ് ലാബസ്ചാഗ്നെ എന്നിവരാണ് മറ്റുള്ളവര്‍. മൂവരും ക്യൂന്സ്ലാന്ഡ് താരങ്ങളാണ്.
അതേസമയം ഏറെ നാളത്തെ ഇടവേളക്ക് ശേഷം പീറ്റര്‍ സിഡ്ലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്നു. അതേസമയം ജോ ബേര്ണ്സ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. രണ്ട് വര്‍ഷം മുമ്പ് സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് പീറ്റര്‍ സിഡ്ല്‍ അവസാനമായി ആസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. പരിക്കും മോശം ഫോമും അദ്ദേഹത്തെ പുറത്തിരുത്തുകയായിരുന്നു. ട്രാവിസ് ഹെഡിനും ആരോണ്‍ ഫിഞ്ചിനും വെള്ളക്കുപ്പായത്തില്‍ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. നഥാന്‍ ലയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഉസ്മാന് ഖ്വാജ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ടീം: ടിം പെയ്ന്(നായകന്), ആഷ്ടണ്‍ ആഗര്‍, ബ്രെന്‍ഡന്‍ ഡോഗെറ്റ്, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ജോണ്‍ ഹോളണ്ട്, ഉസ്മാന് ഖ്വാജ, മാര്‍ണസ് ലാബസ്ചാഗ്നെ, നഥാന്‍ ലയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, മൈക്കല്‍ നെസര്‍, മാറ്റ് റിന്‍ഷാ, പീറ്റര്‍ സിഡ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്