ഹോങ്കോങിന് ഇന്ത്യ ഒരുക്കുന്നത്; 2011ലെ റെക്കോര്‍ഡ് തകരുമോ?
|കേളി കേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പരീക്ഷിക്കാന്‍ പാകത്തിലുള്ള പന്തേറുകാരൊന്നും ഹോങ്കോങ് നിരയില്‍ ഇല്ല.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ക്രിക്കറ്റില്‍ മേല്‍വിലാസമില്ലാത്ത ഹോങ്കോങാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രാക്ടീസ് മാച്ച് എന്ന നിലയ്ക്കാവും കാര്യങ്ങള്‍. ഹോങ്കോങാവട്ടെ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്താനോട് ദയനീയമായി തോറ്റിരിക്കുകയുമാണ്. ഏകദിന ഫോര്‍മാറ്റില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയുമായാണ് ഹോങ്കോങ് ഏറ്റുമുട്ടുന്നത്. നഷ്ടപ്പെടാന്‍ അവര്‍ക്കൊന്നുമില്ല. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് നന്നായി അറിയുന്നവരോടുള്ള മത്സര പരിചയം എന്ന നിലക്കാവും അവരീ മത്സരം കാണുന്നത്.
പക്ഷേ ടോസ് നേടി ഇന്ത്യക്ക് ബാറ്റിങ് ലഭിച്ചാല്‍ എന്താവും ഹോങ്കോങിന് മുന്നിലേക്ക് വെക്കുന്ന ലക്ഷ്യം എന്ന കൗതുകത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ദുബൈ പൊലെ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചുകളില്‍ ആദ്യം ബാറ്റിങ് ലഭിച്ചാല്‍ മറ്റൊരു റണ്‍മല ഇന്ത്യക്ക് ഉയര്‍ത്താനാവുമെന്നാണ് നിരീക്ഷകര്‍ പങ്കുവെക്കുന്നത്. കേളി കേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പരീക്ഷിക്കാന്‍ പാകത്തിലുള്ള പന്തേറുകാരൊന്നും ഹോങ്കോങ് നിരയില്‍ ഇല്ല. 2011ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ നേടിയ 418 ആണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍. അന്ന് വീരേന്ദര്‍ സെവാഗിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്കോര്‍ 400 കടത്തിയത്. 153 റണ്‍സിന്റെ വിജയവും ഇന്ത്യ അന്ന് ആഘോഷിച്ചു. ഇൌ റെക്കോര്‍ഡ് ഇന്ത്യക്ക് തകര്‍ക്കാനാവുമോ.
ശ്രീലങ്കയ്ക്കെതിരെ 414, ബര്‍മുഡക്കെതിരെ 413 എന്നിങ്ങനെയാണ് ഏകദിനത്തിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോറുകള്‍. പക്ഷേ ഹോങ്കാങിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കോഹ്ലിയില്ലാതെ കളിക്കുന്നതിനാല്‍ മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കണം. എന്നും തലവേദനയാകുന്ന നാലാം നമ്പര്‍ സ്ഥാനവും ആറാം നമ്പര്‍ സ്ഥാനവും ആരെ ഏല്പിക്കണം. ആ നിലക്ക് ഒരു പരീക്ഷണത്തിന് തന്നെ ഇന്ത്യ മുതിര്‍ന്നേക്കും. കേദാര്‍ ജാദവ്, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, വിക്കറ്റ് കീപ്പറായല്ലെങ്കിലും ദിനേഷ് കാര്‍ത്തിക്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, അമ്പാട്ടി റായിഡു, തുടങ്ങിയവരെല്ലാം തയ്യാറെടുത്ത് തന്നെയാണ്. ഇവര്‍ക്കെല്ലാം പുറമെ ധോണിയും. പക്ഷേ അന്തിമ തീരുമാനം നായകന്റെതാവും. ആരെ കളിപ്പിച്ചാലും ഹോങ്കോങിനാവും തലവേദന.
എന്നാല്‍ ഹോങ്കോങ്ങിന് അവരുടെ ആദ്യ മത്സരം എന്ന പോലെ ആദ്യം ബാറ്റ് ചെയ്യാനാവും ഇന്ത്യക്കെതിരെയും താല്പര്യപ്പെടുക. പാകിസ്താനെതിരെ ടോസ് നേടിയ അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഇന്ത്യക്കെതിരെയും അവര്‍ക്ക് കാര്യങ്ങള്‍ പന്തിയല്ല. പാകിസ്താന്റെ പേസ് പടക്ക് മുമ്പാകെ 116 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അങ്ങനെയെങ്കിലും ഭുംറയും ഭുവനേശ്വറും കുല്‍ദീപ് യാദവും അടങ്ങുന്ന ബൗളിങ് നിരക്ക് മുമ്പാകെ എന്ത് ഉത്തരമാകും ഹോങ്കോങിന് നല്‍കാനാവുക. കാത്തിരിക്കാനൊന്നുമില്ല പ്രതീക്ഷിച്ചത് തന്നെ സംഭവിക്കും. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം.