അഞ്ച് ക്യാപ്റ്റന്മാരെ ക്രിക്കറ്റ് വാതുവെപ്പുകാര്‍ സമീപിച്ചുവെന്ന് ഐ.സി.സി
|കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പണം ഒഴുകുന്നുവെന്നതും ആരാധകര്‍ കൂടുതലാണെന്നതുമാണ് വാതുവെപ്പുകാര്‍ ട്വന്റി 20യെ ലക്ഷ്യമിടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മാത്രം സംശയകരമായ 32 സംഭവങ്ങളില്‍ ഐ.സി.സി അന്വേഷണം
ക്രിക്കറ്റിന്റെ പ്രചാരത്തിനൊപ്പം വര്‍ധിക്കുകയാണ് വാതുവെപ്പ് വിവാദങ്ങളും. ഇത്തവണ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തന്നെയാണ് വാതുവെപ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ അഞ്ച് ടീമുകളുടെ ക്യാപ്റ്റന്മാരെ ക്രിക്കറ്റിലെ വാതുവെപ്പുകാര്‍ സമീപിച്ചെന്നാണ് ഐ.സി.സി വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ്കീപ്പര്‍ മുഹമ്മദ് ഷെഹസാദിനേയും വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്നും ഐ.സി.സിക്ക് പരാതി ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ടി 20 ടൂര്‍ണ്ണമെന്റില്‍ മോശമായി കളിക്കണമെന്നതായിരുന്നു വാതുവെപ്പുകാരുടെ ആവശ്യം. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഐ.സി.സിക്ക് പരാതി നല്‍കിയിരിക്കുന്നത്.
അഞ്ച് ടീമുകളുടെ ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാരുടെ സഹായികള്‍ സമീപിച്ചെന്ന് ഐ.സി.സി അഴിമതി വിരുദ്ധ യൂണിറ്റ് ജനറല്‍ മാനേജരായ അലക്‌സ് മാര്‍ഷലാണ് വ്യക്തമാക്കിയത്. അതേസമയം ക്യാപ്റ്റന്മാരുടെ പേരുവിവരങ്ങള്‍ ഐ.സി.സി പുറത്തുവിട്ടിട്ടില്ല. ഇത്തരം വാതുവെപ്പുകാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. എന്നാല്‍ അതിനര്‍ഥം ഇന്ത്യയിലാണ് കൂടുതല്‍ വാതുവെപ്പ് നടക്കുന്നതെന്നില്ല. ലോകത്തിന്റെ പലഭാഗത്തു നിന്നും വാതുവെപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അലക്‌സ് മാര്‍ഷല്‍ പറഞ്ഞു.
ട്വന്റി 20യാണ് വാതുവെപ്പുകാരുടെ ഇഷ്ടമേഖലയെന്നും അഴിമതി വിരുദ്ധവിഭാഗം തലവന്‍ പറയുന്നു. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പണം ഒഴുകുന്നുവെന്നതും ആരാധകര്‍ കൂടുതലാണെന്നതുമാണ് വാതുവെപ്പുകാര്‍ ട്വന്റി 20യെ ലക്ഷ്യമിടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മാത്രം സംശയകരമായ 32 സംഭവങ്ങളില്‍ ഐ.സി.സി അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ 23 സംഭവങ്ങളെക്കുറിച്ച് കളിക്കാരും ഒഫീഷ്യലുകളുമാണ് പരാതി നല്‍കിയത്. വാതുവെപ്പില്‍ നാല് മുന്‍ കളിക്കാരടക്കം നിലവില്‍ ഐസിസിയുടെ അന്വേഷണം നേരിടുന്നുണ്ട്.
ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള പ്രചാരം പരമാവധി മുതലാക്കാന്‍ തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റേയും ശ്രമം. ഏകദിന ഫോര്‍മാറ്റില്‍ നടത്തിയിരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി വേള്‍ഡ് ടി20 ചാമ്പ്യന്‍ഷിപ്പാക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. അതേസമയം വാതുവെപ്പ് വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും ഐ.സി.സി ശ്രമിക്കുന്നുണ്ട്. ട്വന്റി 20 ടൂര്‍ണ്ണമെന്റുകള്‍ക്കൊപ്പം ദുബൈയില്‍ നടക്കാനിരിക്കുന്ന ടി 10 ടൂര്‍ണ്ണമെന്റിനേയും നിരീക്ഷണവിധേയമാക്കുന്നുണ്ട് ഐ.സി.സി.