ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് പരമ്പരകള്‍; ഇതുവരെ സംഭവിച്ചത്..
|ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇരുവരും തമ്മില്‍ ഇന്ത്യയില്‍ ഏറ്റുമുട്ടിയ 11 ടെസ്റ്റ് പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചും ഇന്ത്യ നാലും വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്
വ്യാഴാഴ്ച്ച ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഇന്ത്യയില്‍ കൊടിയേറാനിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും ഏഷ്യ കപ്പിലെ വിജയം ആതിഥേയര്‍ക്ക് അശ്വാസമേകുന്നതാണ്. പൊതുവെ ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസ് എത്രത്തോളം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നത് കണ്ട് തന്നെ അറിയണം. പക്ഷെ, ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇരുവരും തമ്മില്‍ ഇന്ത്യയില്‍ ഏറ്റുമുട്ടിയ 11 ടെസ്റ്റ് പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചും ഇന്ത്യ നാലും വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.
1949ലാണ് ഇന്ത്യ ആദ്യമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് കളിക്കുന്നത്. അന്നത്തെ ഭീമന്മാരായ വിന്‍ഡീസിനെതിരെ വലിയ തോതില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ സമനിലയിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ 1-0ന് പരമ്പരയില്‍ പരാജയപ്പെട്ടു.
1958-59 വര്‍ഷങ്ങളില്‍ ഇന്ത്യ വീണ്ടും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആതിഥേയത്വം വഹിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേടിയ വിജയം കുറച്ച് കൂടി മെച്ചപ്പെടുത്തി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം ഫലം കണ്ടില്ല. പക്ഷെ, രണ്ടാം മത്സരത്തില്‍ അതിന്‍റെ ക്ഷീണം തീര്‍ത്ത് വിന്‍ഡീസ് 203 റണ്‍സിന് ഇന്ത്യയെ അനായാസമായി തോല്‍പ്പിച്ചു. പിന്നീട് വിന്‍ഡീസിന്‍റെ ആധിപത്യത്തിന് മേല്‍ ഇന്ത്യ നിലംപരിശായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് വെസ്റ്റ്ഇന്‍ഡീസ് കുപ്പിക്കുള്ളിലാക്കി.
ഇരുവരും പിന്നീട് ഏറ്റ് മുട്ടിയത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 1966-67 വര്‍ഷങ്ങളില്‍ നടന്ന സീരീസിലും ഇന്ത്യ ദയനീയ പരാജയം നേരിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0നായിരുന്നു ടീമിന്‍റെ തോല്‍വി. മന്‍സൂര്‍ അലി ഖാന്‍ പട്ട്വാഡിയായിരുന്നു ഇന്ത്യയുടെ നായകന്‍. ബി.എസ് ചന്ദ്രശേഘര്‍ എന്ന ഇന്ത്യന്‍ ബൌളിങ് ഇതിഹാസത്തിന്‍റെ പ്രകടനം മാത്രമായിരുന്നു ഇന്ത്യക്ക് പരമ്പരയില്‍ എടുത്ത് പറയാനുണ്ടായിരുന്നത്.
1974-75 വര്‍ഷങ്ങളില്‍ നടന്ന പരമ്പര മാറ്റങ്ങളുടെ തുടക്കമായിരുന്നു. 3-2ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കിയെങ്കിലും വെറുമൊരു ചെറിയ ടീമായ ഇന്ത്യ നടത്തിയ വലിയ ചെറുത്തു നില്‍പ്പിന്‍റെ സാക്ഷി പത്രമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. ഭീമന്മാരായ വിന്‍ഡീസിനെതിരെ ഇന്ത്യ നടത്തിയ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി അത് വാഴ്ത്തപ്പെട്ടു. ആദ്യ രണ്ട് ടെസ്റ്റുകളും ഇന്ത്യ പരാജയപ്പെട്ടു. പക്ഷെ, നായകന്‍ ബിഷന്‍ സിങ് ബേഡി, ബി.എസ് ചന്ദ്രശേഖര്‍ എന്നിവരുടെ മികവില്‍ അടുത്ത രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിക്കുകയും വിന്‍ഡീസിനെ വിറപ്പിക്കുകയും ചെയ്തു. പക്ഷെ, അവസാന മത്സരം വിജയിച്ച് വിന്‍ഡീസ് പരമ്പര സ്വന്തമാക്കി.
1974ലെ ചെറുത്ത് നില്‍പ് നല്‍കിയ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ 1978-79 വര്‍ഷങ്ങളില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ വീണ്ടും പട മെനഞ്ഞു. സുനില്‍ ഗവാസ്കറുടെ നേതൃത്വത്തില്‍ ആറ് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ന് ഇന്ത്യ വിജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ആദ്യത്തെ ടെസ്റ്റ് പരമ്പര നേട്ടം. ഇന്ത്യന്‍ ടീം കാഴ്ചവച്ചതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു അന്ന് കാണാനായത്. വലിയ ചെറുത്ത് നില്‍പ്പുകള്‍ക്കൊടുവില്‍ ചരിത്ര നേട്ടം ടീം ഇന്ത്യ സ്വന്തമാക്കി.
1983ല്‍ കപില്‍ ദേവിന്‍റെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായി. അതിനൊരു പകരം വീട്ടല്‍ ലക്ഷ്യം വച്ച് കൊണ്ട് വിന്‍ഡീസ് വീണ്ടുമൊരു ഇന്ത്യന്‍ സന്ദര്‍ശനം നടത്തി. വിന്‍ഡീസ് പകരം വീട്ടുക തന്നെ ചെയ്തു. ആറ് മത്സരങ്ങളുള്ള പരമ്പര വിന്‍ഡീസ് 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം 83 റണ്‍സിനും മൂന്നാമത് 138 റണ്‍സിനും അഞ്ചാമത് 46 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു.
1987ലും 1994ലും നടന്ന പരമ്പരകള്‍ സമനിലയില്‍ കലാശിച്ചു. 1987ലെ മൂന്ന് മത്സരങ്ങളില്‍ ദിലീപ് വെങ്സര്‍ക്കാരും നാലാം ടെസ്റ്റ് രവി ശാസ്ത്രിയും ഇന്ത്യക്കായി നായക വേഷമണിഞ്ഞു. 1994ല്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഉള്‍പ്പെടുന്ന പര്യടനമായിരുന്നു വിന്‍ഡീസിന്‍റേത്. ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലൊതുങ്ങി. ഏകദിന പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രകടനമായിരുന്നു ഇന്ത്യയെ ടെസ്റ്റിലും ഏകദിനത്തിലും മുന്‍പന്തിയിലെത്തിച്ചത്.
1994ന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തുന്നത് 2002ലാണ്. അന്ന് മുതല്‍ ഇന്ത്യ എഴുതിത്തുടങ്ങിയത് മറ്റൊരു ചരിത്രമായിരുന്നു. സൌരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏവരേയും ഞെട്ടിച്ച് വിന്‍ഡീസിനെ 2-0ന് തോല്‍പിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമുകളിലൊന്നായിരുന്നു സൌരവിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയത്. ആദ്യ ടെസ്റ്റില്‍ 147 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനും ഇന്ത്യ വിജയിച്ചു.
2002ലെ വിജയത്തിന് ശേഷം ഇന്ത്യ രണ്ട് തവണ വെസ്റ്റ് ഇന്‍ഡീസ് സന്ദര്‍ശിച്ചു. രണ്ട് തവണയും പരമ്പര ഇന്ത്യക്കായിരുന്നു. ശേഷം 2011-2012ല്‍ വിന്‍ഡീസ് ഇന്ത്യയിലെത്തി. അപ്പോഴും വിധി അവര്‍ക്കെതിരായിരുന്നു. 2-0ന് സന്ദര്‍ശകര്‍ക്ക് പരമ്പര നഷ്ടമായി. രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരുടെ ബാറ്റിങ് മികവും രവിചന്ദ്രന്‍ അശ്വിന്‍റെ ബൌളിങും ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ എല്ലാ മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ 2014ല്‍ ഇന്ത്യക്ക് സാധിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ഇതേ പരമ്പരയിലൂടെയായിരുന്നു. തന്‍റെ ആദ്യ ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ 177 റണ്‍സടിച്ച് കൂട്ടിയ രോഹിത് ശര്‍മ്മ ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ സുരക്ഷിതമായ വിജയത്തിലെത്തിച്ചു. ടീം 51 റണ്‍സിന് വിജയിച്ചു.
മുംബൈയില്‍ രണ്ടാം ടെസ്റ്റിന് കളമൊരുങ്ങി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി സച്ചിന്‍ തന്‍റെ കരിയറിലെ അവസാന ഇന്നിങ്സിനായി ഇറങ്ങി. 74 റണ്‍സെടുത്ത് സച്ചിന്‍ മടങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ക്രിക്കറ്റ് ദൈവത്തിന് നല്‍കിയ യാത്രയയപ്പ് ഗംഭീരമായിരുന്നു. മത്സരത്തില്‍ വിന്‍ഡീസ് പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യയും വിന്‍ഡീസും ഒരിക്കല്‍ കൂടി കൊമ്പ് കോര്‍ക്കാനൊരുങ്ങുകയാണ്. സച്ചിന്‍ ഇല്ലാതെ സ്വന്തം മണ്ണില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുകയാണ്. ചരിത്രം വിന്‍ഡീസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് വിജയ സാധ്യത കൂടുതല്‍. കാരണം 1947ല്‍ ആദ്യമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എങ്ങനെയായിരുന്നോ, അത്രയും ശക്തരാണ് ഇന്ന് ഇന്ത്യ. ഇന്ത്യ എങ്ങനെയായിരുന്നോ, അത്ര ദുര്‍ബലരാണ് വിന്‍ഡീസ്. ഏതായാലും ഭാഗ്യവും മികവും പ്രകടനങ്ങള്‍ കൊണ്ട് ചരിത്രമെഴുതട്ടെ.