അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ?
|ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അന്തിമ ഇലവനില്‍ ഇടം നേടാനായിരുന്നില്ല. നാളെ ഷാ വിന്‍ഡീസിനെതിരെ അരങ്ങേറും
പൃഥ്വി ഷാ, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. സ്കൂള്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കും സ്വന്തമാക്കാനാവാത്തൊരു റെക്കോര്‍ഡും ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പും നേടിത്തന്നത് മുതല്‍ പൃഥ്വിഷാ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. ഏത് സമയത്തും ഈ പതിനെട്ടുകാരന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഉറപ്പായി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അന്തിമ ഇലവനില്‍ ഇടം നേടാനായിരുന്നില്ല. പേര് കേട്ട ബാറ്റ്സ്മാന്മാര്‍ക്ക് പോലും ഇംഗ്ലണ്ടില്‍ പിഴക്കുമ്പോള്‍ പൃഥ്വി ഷായെ വിളിച്ചത് തന്നെ ആ കൗമാരക്കാരനിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. അന്ന് കളിക്കാനായില്ലെങ്കിലും വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തി. നാളെ രാജ്‌കോട്ടില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നും ഉറപ്പായി. ധവാനും മുരളി വിജയ് യും പോയതോടെ കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് പൃഥ്വി ഷാ എത്തുക. ആരാണ് ഈ പൃഥ്വി ഷാ.
തകര്‍ക്കാനാവാത്തൊരു സ്‌കൂള്‍ റെക്കോര്‍ഡ്
സ്‌കൂള്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡ് ട്രോഫിയിലൂടെയാണ് പൃഥ്വി ഷാ വാര്‍ത്താതലക്കെട്ടില്‍ ഇടം പിടിക്കുന്നത്. അണ്ടര്‍ 16 സ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി പൃഥ്വി നേടിയത് 300 പന്തില്‍ 546 എന്ന ലോകറെക്കോര്‍ഡ്. ഭാവി സച്ചിന്‍ എന്ന് മാധ്യമങ്ങളൊന്നടങ്കം ഷായെ വിശേഷിപ്പിച്ചത് ഇവിടം മുതലാണ്. ഔദ്യോഗിക ഇന്റര്‍ സ്‌കൂള്‍ മത്സരത്തില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും പൃഥ്വിഷായുടെ പേരിലായി. ഈ റെക്കോര്‍ഡിന് കൂട്ടായി ഇതുവരെ ആരും എത്തിയിട്ടില്ല. ഭാവി സച്ചിന്‍ എന്ന പേര് അവിടെകൊണ്ട് തീരുന്നതായിരുന്നില്ല പൃഥ്വി ഷായുടെ പിന്നീടുള്ള പ്രകടനങ്ങള്‍.
അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിതന്നു
മുഹമ്മദ് കൈഫും, കോഹ്ലിയും ഉന്മുക്ത് ചന്ദും മാത്രമല്ല. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിതന്ന നായകന്‍ കൂടിയാണ് ഷാ. കോഹ്ലിക്ക് പോലും നേടാനാവാത്തൊരു നേട്ടവും ഷാ ആ ടൂര്‍ണമെന്റില്‍ നേടി ശ്രദ്ധേയമായിരുന്നു. 6 ഇന്നിങ്‌സുകളില്‍ നിന്നായി 261 റണ്‍സാണ് ഷാ അടിച്ചെടുത്തത്. അതായത് ഒരു ഇന്ത്യന്‍ നായകന്‍ ലോക ജൂനിയര്‍ ടൂര്‍ണമെന്റില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍.
രഞ്ജിയിലും ഞെട്ടിച്ച പ്രകടനം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമായ രഞ്ജി ട്രോഫിയിലും ഷാ, തന്റേതായ മുദ്രപതിപ്പിച്ചു. മുംബൈക്ക് വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി. തമിഴ്‌നാടിനെതിരെ സെമിഫൈനലിലായിരുന്നു ഷായുടെ അരങ്ങേറ്റ സെഞ്ച്വറി. ഷായുടെ സെഞ്ച്വറിയുടെ കൂടെ ബലത്തിലാണ് അന്ന് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തിയത്. മുംബൈക്കായി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവാനും പൃഥ്വിക്കായി. സാക്ഷാല്‍ സച്ചിനായിരുന്നു ഷായുടെ മുന്‍ഗാമി. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും പൃഥ്വി ഷാ സെഞ്ച്വറി സ്വന്തമാക്കി ഞെട്ടിച്ചിരുന്നു.
Young PrithviShaw is all set to make his Test debut tomorrow at Rajkot. How well does he time the ball? 🔥🔥👏👌 #TeamIndia #INDvWI pic.twitter.com/LFPQLqJVgU
— Bcci (@BcciOfficial) October 3, 2018
ഇന്ത്യയുടെ ക്രിക്കറ്റ് ടീമിലെത്താന്‍ ഈ യോഗ്യതയൊക്കെ ധാരാളം. പക്ഷേ വിളി വരാന്‍ വൈകിയെന്ന പരാതി ബാക്കി മാത്രമാണ് ബാക്കി. അതൊരുപക്ഷേ നല്ലതിനായിരിക്കാം. പൃഥ്വിഷായുടെ രൂപത്തില്‍, സച്ചിനെ സംഭാവന ചെയ്ത മുംബൈയില്‍ നിന്ന് നാളെ മറ്റൊരു സച്ചിന്‍ പിറക്കുമോ, നോക്കിയിരിക്കാം രാജ്‌കോട്ടിലേക്ക്...
Prithvi Shaw's mini timeline #INDvWI
— Moulin (@Moulinparikh) October 3, 2018
14 yrs – Scores 546 for school
17 – Makes FC debut
17 – Century in Ranji & Duleep Trophy
18 – Leads India U19 to WC title
18 – Has 5 FC 100s, plays IPL
18 years, 329 days – Set to play his maiden Test