Cricket
ഇന്ത്യ 649ന് ഡിക്ലയര്‍ ചെയ്തു; വിന്‍ഡീസിന്‌ ബാറ്റിങ് തകര്‍ച്ച
Cricket

ഇന്ത്യ 649ന് ഡിക്ലയര്‍ ചെയ്തു; വിന്‍ഡീസിന്‌ ബാറ്റിങ് തകര്‍ച്ച

Web Desk
|
5 Oct 2018 11:47 AM GMT

ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംങ് തകര്‍ച്ച. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 94/6 എന്ന നിലയിലാണ് വിന്‍ഡീസ്. രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍.അശ്വിനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്ത്യ ആദ്യ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും(139) രവീന്ദ്ര ജഡേജയും(100*) അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായും(134) നേടിയ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തിയത്.

ഇന്ത്യയുടെ എട്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ജഡേജയുടെ വ്യക്തിഗത സ്‌കോര്‍ 84 പന്തില്‍ 46 റണ്‍സ് മാത്രമായിരുന്നു. പിന്നീട് സ്‌കോറിംങിന്റെ വേഗത കൂട്ടിയ ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ത്രിബിള്‍ സെഞ്ചുറിയുള്ള ജഡേജയുടെ ആദ്യടെസ്റ്റ് സെഞ്ചുറിയാണ് രാജ്‌കോട്ടില്‍ കുറിക്കപ്പെട്ടത്.

184 പന്തില്‍ ഏഴു ബൗണ്ടറി സഹിതമാണ് കോഹ്‌ലി ഇരുപത്തിനാലാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. അതേസമയം, 57 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം ആദ്യ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ പന്ത്, രണ്ടാം സെഞ്ചുറിക്ക് തൊട്ടരികെ പുറത്തായി. 84 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്‌സും സഹിതം 92 റണ്‍സെടുത്ത പന്ത്, ദേവേന്ദ്ര ബിഷൂവിന്റെ പന്തില്‍ പോളിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ പന്ത് കന്നി ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. 63 പന്തില്‍ കോഹ്‌ലി -പന്ത് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. രണ്ടാം ദിനത്തിലെ ഏഴാം ഓവറില്‍ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഇതിനിടെ ഋഷഭ് പന്ത് ടെസ്റ്റിലെ രണ്ടാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 57 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് പന്ത് അര്‍ധസെഞ്ചുറി പിന്നിട്ടത്.

117 പന്തില്‍ കോഹ്‌ലി പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ടു പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാം സെഞ്ചുറി കൂട്ടുകെട്ടാണിത്. ഇന്ത്യന്‍ സ്‌കോര്‍ 450 കടന്നതിന് പിന്നാലെ കോഹ്‌ലി 24ാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു. 184 പന്തില്‍ ഏഴു ബൗണ്ടറി സഹിതമാണ് കോഹ്‌ലി 24ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഋഷഭ് പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി യുവതാരം സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെ പുറത്തായി.

നേരത്തെ, അരങ്ങേറ്റ ടെസ്റ്റില്‍ കന്നി സെഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷായുടെയും പത്തൊമ്പതാം ടെസ്റ്റ് അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും മികവിലാണ് ആദ്യ ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തത്. ഷാ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്തു പുറത്തായി. പൂജാര 130 പന്തില്‍ 14 ബൗണ്ടറി സഹിതം 86 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഷാ-പൂജാര സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റില്‍ കോഹ്‌ലി -രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും (105) തീര്‍ത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. രഹാനെ 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സെടുത്തു പുറത്തായി.

Similar Posts