Cricket
വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടാൻ താരങ്ങളെ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് കോഹ്‌ലി
Cricket

വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടാൻ താരങ്ങളെ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് കോഹ്‌ലി

Web Desk
|
7 Oct 2018 11:42 AM GMT

വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. പരമ്പര അവസാനിക്കുന്നതുവരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നാണ് കോലിയുടെ ആവശ്യം. നിലവില്‍ രണ്ടാഴ്ച്ച മാത്രമാണ് വിദേശപര്യടനങ്ങള്‍ക്കിടയില്‍ കൂടെ താമസിക്കാന്‍ ഭാര്യമാര്‍ക്ക് ബി.സി.സി.ഐ അനുവാദം നല്‍കുന്നത്. പലപ്പോഴും വിദേശ പര്യടനങ്ങളില്‍ വിരാട് കോലിയോടൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയുമുണ്ടാകാറുണ്ട്.

ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോടാണ് കോലി ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പില്‍ ബി.സി.സി.ഐ അവതരിപ്പിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ നിയമത്തില്‍ മാറ്റം വരുത്തേണ്ടതിനാല്‍ തീരുമാനം പെട്ടെന്നുണ്ടാകാന്‍ സാധ്യതയില്ല. ബി.സി.സി.ഐയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നശേഷം മാത്രമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.

കുടുംബാംഗങ്ങളെ ടീമുകള്‍ക്കൊപ്പം വിടുന്നതില്‍ പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 2007-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പരയില്‍ 5-0ത്തിന് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ബോര്‍ഡ് നടപടി എടുത്തിരുന്നു. മത്സരങ്ങള്‍ക്കിടെ കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കുമൊപ്പം താരങ്ങള്‍ സമയം ചെലവിടുന്നത് കുറക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച സമിതി നിര്‍ദേശിച്ചത്. ഇതിനെതിരെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തീരുമാനം വിഡ്ഢിത്തമാണെന്നായിരുന്നു പീറ്റേഴ്‌സന്റെ പ്രതികരണം.

Similar Posts