ധോണി രോഹിതിനോട് പറഞ്ഞു, ‘ആ ട്രോഫി ഖലീലിന് ഉയര്‍ത്താന്‍ കൊടുക്കണം’
|ധോണിയോടൊരുമിച്ച് നെറ്റ് പ്രാക്ടീസൊക്കെ എതൊരു കളിക്കാരന്റെയും സ്വപ്നവുമാണ്.
കളത്തിനകത്ത് മാത്രമല്ല പുറത്തും ടീം ഇന്ത്യക്കൊന്നാകെ മാര്‍ഗദര്‍ശിയാണ് മഹേന്ദ്ര സിങ് ധോണി. ഇപ്പോഴത്തെ നായകന് വിരാട് കോഹ്ലി മുതല്‍ പുതുതായി ടീമിലെത്തിയവര്‍ വരെ ധോണിയില്‍ വ്യത്യസ്തത കണ്ടെത്തുന്നവരാണ്. ധോണിയോടൊരുമിച്ച് നെറ്റ് പ്രാക്ടീസൊക്കെ എതൊരു കളിക്കാരന്റെയും സ്വപ്നവുമാണ്. അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിച്ച് കളിക്കളത്തില്‍ നടപ്പാക്കുന്നവരും കുറവല്ല. ബംഗ്ലാദേശിനെ തോല്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയ ഏഷ്യാകപ്പിലും ധോണി എന്തുകൊണ്ട് ഇപ്പോഴും ടീമില്‍ ആവശ്യമാണെന്ന് തെളിയിച്ച നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു.
പുതുതായി ടീമിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലും ധോണി മുന്നില്‍ തന്നെ. ഏഷ്യാകപ്പിലെ സമ്മാനദാന ചടങ്ങ് പുരോഗമിക്കുന്നതിനിടെ ധോണി നായകന് രോഹിത് ശര്‍മ്മയുടെ അടുത്തെത്തി ഒരു കാര്യം പറഞ്ഞു, ഖലീല്‍ അഹ്മദിന് ട്രോഫി ഉയര്‍ത്താന്‍ കൊടുക്കണമെന്ന്, ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനെന്ന നിലയ്ക്കാണ് ധോണി അക്കാര്യം രോഹിതിനോട് ആവശ്യപ്പെട്ടത്. ധോണി പറഞ്ഞത് പോലത്തന്നെ രോഹിത് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ഖലീല്‍ വെളിപ്പെടുത്തുന്നത്. ധോണി അക്കാര്യം രോഹിതിനോട് പറയുന്ന സമയത്ത് അല്‍ഭുതപ്പെട്ടു, എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല, വൈകാരികമായൊരു നിമിഷമായിരുന്നു അത്, ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഖലീല്‍ വ്യക്തമാക്കി.
ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളിലെ ഖലീലിന് അവസരം ലഭിച്ചുള്ളൂ. അഫ്ഗാനിസ്താനെതിരെയും ഹോങ്കോങിനെതിരെയും. ഇതില്‍ ഹോങ്കോങ്ങിനെതിരെ ആയിരുന്നു 20കാരനായ ഖലീലിന്റെ അരങ്ങേറ്റം. 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും രാജസ്ഥാന്‍കാരനായ ഈ ഇടംകയ്യന്‍ ബൗളര്‍ സ്വന്തമാക്കി. ഏഷ്യാകപ്പിലെ പ്രകടനം തന്നെ വിന്‍ഡീസ് പരമ്പരക്കുള്ള ഏകദിന ടീമിലും ഇടംനേടിത്തരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ താരം.