വെറും 11 പന്തില്‍ ചൈനയെ തോല്‍പ്പിച്ചോടിച്ച നേപ്പാള്‍!
|2020ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരത്തിലാണ് നേപ്പാളിന്റെ പ്രകടനം
ചൈന ആഗോളതലത്തിലെ വന്‍ശക്തി രാഷ്ട്രമായിരിക്കാം എന്നാല്‍ ക്രിക്കറ്റില്‍ അവര്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നേപ്പാള്‍. ലോകക്രിക്കറ്റില്‍ ശിശുക്കളായ നേപ്പാള്‍ വെറും 11 പന്തിലാണ് ചൈനയെ തോല്‍പ്പിച്ചോടിച്ചത്. സ്കോര്‍ ചൈന 26ന് എല്ലാവരും പുറത്ത് നേപ്പാള്‍ 1.5 ഓവറില്‍ 29!
2020ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരത്തിലാണ് നേപ്പാളിന്റെ പ്രകടനം. ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റതിന്റെ നാണക്കേടും ചൈനയുടെ പേരിലായി. ഓപ്പണറായിറങ്ങി 27 പന്തില്‍ 11 റണ്‍ നേടിയ ഹോങ് ജിയാങ് യാനാണ് ചൈനയുടെ ടോസ് സ്കോറര്‍. എട്ട് ചൈനീസ് ബാറ്റ്സ്മാന്മാര് റണ്ണൊന്നുമെടുക്കാതെ പുറത്തായി. മൂന്ന് നേപ്പാള്‍ ബൗളര്‍മാര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകെ 13 ഓവര്‍ ബാറ്റു ചെയ്ത ചൈന 26ന് എല്ലാവരും പുറത്തായി. 18കാരന് ലെഗ്സ്പിന്നര്‍ സന്ദീപ് ലാമിചനെയാണ് നേപ്പാള്‍ നിരയില്‍ ഏറ്റവും തിളങ്ങിയത്. നാല് ഓവറില്‍ നാല് റണ്‍ മാത്രം വിട്ടുകൊടുത്താണ് സന്ദീപ് മൂന്നുവിക്കറ്റെടുത്തത്.
നേപ്പാളിന്റെ മറുപടി ബാറ്റിംങായിരുന്നു അതിലേറെ രസകരം. വിജയലക്ഷ്യം കുറവാണെത്തതിന്റെ പരിഗണനയൊന്നും നേപ്പാള്‍ ഓപ്പണര്‍മാര്‍ കാണിച്ചില്ല. ക്യാപ്റ്റന്‍ ബദ്രി 24 റണ്‍ അടിച്ചുകൂട്ടിയത് വെറും എട്ട് പന്തില്‍. മറ്റൊരു ഓപണറായ പ്രദീപ് ഐരീ നാല് റണ്‍ നേടി. 1.5 ഓവറില്‍ 29 റണ്ണടിച്ച് പത്തുവിക്കറ്റ് ജയവുമായി നേപ്പാള്‍ കളിയവസാനിപ്പിച്ചു. ഇതോടെ ടൂര്‍ണ്ണമെന്റിലെ അഞ്ചില്‍ അഞ്ചു കളിയും ജയിച്ച നേപ്പാള്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.