“അല്‍പം സച്ചിന്‍, അല്‍പം സെവാഗ്, അല്‍പം ലാറ.. അതാണ് പൃഥ്വി ഷാ” രവി ശാസ്ത്രി പറയുന്നു
|പത്ത് വിക്കറ്റുകള്‍ നേടി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവിന്‍റെ പ്രകടനത്തെയും രവി ശാസ്ത്രി പ്രശംസിച്ചു
വെസ്റ്റ് ഇന്‍റീസിനെതിരെ അരങ്ങേറ്റം കുറിച്ച് പരമ്പരയിലെ താരമായി മാറിയ പൃഥ്വി ഷായെ പ്രശംസിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരേന്ദര്‍ സെവാഗ് എന്നീ ക്രിക്കറ്റ് ഇതിഹാസങ്ങളുമായി പൃഥ്വി ഷായുടെ ബാറ്റിങിനെ താരതമ്യം ചെയ്താണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രവി ശാസ്ത്രി തന്‍റെ പ്രശംസ അറിയിച്ചത്.
“പൃഥ്വി ക്രിക്കറ്റ് കളിക്കാനായി ജനിച്ചയാളാണ്. എട്ടാം വയസ്സ് മുതല്‍ മുംബൈയിലെ മൈതാനങ്ങളില്‍ കളി ആരംഭിച്ചതാണ് പൃഥ്വി. അല്‍പം സച്ചിനും അല്‍പം വീരുവും അല്‍പം ലാറയും അദ്ദേഹത്തിന്‍റെ ബാറ്റിങില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത് പോലെ പൃഥ്വി തന്‍റെ കഠിനാധ്വാനം മുന്നോട്ട് കൊണ്ട് പോയാല്‍ വലിയൊരു ഭാവിയാണ് ഈ 18 കാരനെ കാത്തിരിക്കുന്നത്.” രവി ശാസ്ത്രി പറഞ്ഞു.
വെസ്റ്റ് ഇന്‍റീസിനെതിരെ 2-0ന് പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ പൃഥ്വി 52 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടിയത് ഇന്ത്യന്‍ ബാറ്റിങിന് തന്നെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. പത്ത് വിക്കറ്റുകള്‍ നേടി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവിന്‍റെ പ്രകടനത്തെയും രവി ശാസ്ത്രി പ്രശംസിച്ചു. പൃഥ്വി ഷായാണ് പരമ്പരയിലെ താരം.