Cricket
അബ്ബാസിന്റെ പേസ് ബൗളിങ്ങില്‍ ആസ്‌ട്രേലിയ വീണു; പരമ്പര സ്വന്തമാക്കി പാകിസ്താന്‍ 
Cricket

അബ്ബാസിന്റെ പേസ് ബൗളിങ്ങില്‍ ആസ്‌ട്രേലിയ വീണു; പരമ്പര സ്വന്തമാക്കി പാകിസ്താന്‍ 

Web Desk
|
19 Oct 2018 10:20 AM GMT

രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിന് ആസ്‌ട്രേലിയയെ പുറത്താക്കി പാകിസ്താന്‍ രണ്ടാം ടെസ്റ്റില്‍ വിജയം ആഘോഷിച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിന് ആസ്‌ട്രേലിയയെ പുറത്താക്കി പാകിസ്താന്‍ രണ്ടാം ടെസ്റ്റില്‍ വിജയം ആഘോഷിച്ചു. 373 റണ്‍സിനാണ് പാകിസ്താന്റെ ജയം. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര പാകിസ്താന്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസ് ആണ് ആസ്‌ട്രേലിയയെ തകര്‍ത്തത്.

സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍; പാകിസ്താന്‍: 282, 400-9 ആസ്‌ട്രേലിയ: 145,164

കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയക്ക് ഒരു തരത്തിലും രക്ഷയില്ലായിരുന്നു. പാകിസ്താന്റെ പേസ്, സ്പിന്‍ വിഭാഗങ്ങള്‍ കംഗാരുപ്പടയെ വേട്ടയാടി. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മബ് അബ്ബാസ് ആണ് നിറഞ്ഞുനിന്നത്. സ്പിന്നര്‍ യാസിര്‍ ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി പിന്തുണയേകി. ആദ്യ ഇന്നിങ്‌സിലും അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയരുന്നു. എന്നാല്‍ യാസിറിന് ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റെ നേടാനായുള്ളൂ.ആദ്യ ഇന്നിങ്‌സില്‍ ബിലാല്‍ ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

43 റണ്‍സെടുത്ത മാര്‍നസ് ലാബഷെയ്ന്‍ ആണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച്(31)ട്രാവിസ് ഹെഡ്(36) എന്നിവര്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. 99 റണ്‍സെടുത്ത ബാബര്‍ അസമിന്റെയും 66 റണ്‍സ് നേടിയ ഫഖര്‍ സമാന്റെയും നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും(81) മികവിലാണ് പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ 400 റണ്‍സ് നേടിയത്. ഒന്നാം ഇന്നിങ്‌സിലെ ലീഡ് ഉള്‍പ്പെടെ കൂറ്റന്‍ വിജയലക്ഷ്യമാണ്(538) പാകിസ്താന്‍ ആസ്‌ട്രേലിയക്ക് മുമ്പില്‍ വെച്ചത്. ഇന്നലത്തന്നെ ആസ്ട്രേലിയക്ക് തുടക്കക്കാരെ നഷ്ടമാവുകയും ചെയ്തിരുന്നു.

Similar Posts