ടി20 ടീമില്‍ ഇടമില്ല; ധോണിയെ പുറത്താക്കിയോ?
|നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി, ഏകദിന ടി20 ടീമുകളില്‍ സജീവമായിരുന്നു.
വെസ്റ്റ്ഇന്‍ഡീസ്-ആസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നായകനും മുതിര്‍ന്ന അംഗവുമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം.എസ് ധോണി പുറത്ത്. നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി, ഏകദിന- ടി20 ടീമുകളില്‍ സജീവമായിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരെ അതും സ്വന്തം നാട്ടില്‍ നടക്കുന്നൊരു ടൂര്‍ണമെന്റില്‍ നിന്ന് ധോണിയെ പുറത്തിരുത്തിയത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു. അതേസമയം നായകന്‍ വിരാട് കോഹ്ലിക്ക് വിന്‍ഡീസിനെതിരായ ടി20ക്ക് വിശ്രമം അനുവദിച്ചു. ആസ്‌ട്രേലിയക്കെതിരായ മത്സരത്തിന് താരം മടങ്ങിയെത്തും. റിഷബ് പന്താണ് ധോണിക്ക് പകരമായി വിക്കറ്റിന് പിന്നില്‍.
ധോണിയുടെ ടി20 കരിയര്‍ അവസാനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരന്നു സെലക്ഷന്‍ കമ്മിറ്റിയുടെ മറുപടി. രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മറ്റു കളിക്കാരെ പരീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്താണ് ധോണിക്ക് അവസരം നല്‍കാത്തത് എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം അവരുടെ ഭാഗത്ത് നിന്നുണ്ടായതുമില്ല. ധോണിയുടെ കരിയര്‍ ഏറെക്കുറെ അവസാനിക്കാറായി എന്നാണ് അദ്ദേഹത്തെ പുറത്താക്കിയതിലൂടെ വ്യക്തമാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് അവസരം ലഭിക്കുമോ എന്ന് നോക്കിക്കാണേണ്ടതാണ്. വിന്‍ഡീസിനെതിരായ ഇനിയുള്ള മൂന്ന് ഏകദിനം ധോണിയുടെ വിലയിരുത്തലാവുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
The big news is obviously the absence of MS Dhoni from the T20 squad. The next World T20 isn't till 2020 so this is an acknowledgement that someone else will be behind the stumps there.
— Harsha Bhogle (@bhogleharsha) October 26, 2018
ഏഷ്യാകപ്പിലും ധോണിക്ക് ബാറ്റിങ് ഫോം തെളിയിക്കാനായില്ല. വിന്‍ഡീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതില്‍ ആദ്യ ഏകദിനത്തില്‍ ബാറ്റിങിന് അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം ഏകദിനത്തില്‍ 20 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അസാമാന്യ പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അത് മാത്രം പോര. അതേസമയം റിഷബ് പന്തിനെപ്പോലുള്ള യുവതാരങ്ങള്‍ അവസരം കാത്ത് റിസര്‍വ് ബെഞ്ചിലും പുറത്തുള്ളതും സെലക്ഷന്‍ കമ്മിറ്റിയെ മാറി ചിന്തിപ്പിച്ചിരിക്കാം.
ഇടംകയ്യന്‍ സ്പിന്നര്‍ ശഹബാസ് നദീം, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ടി20 ടീമിലേക്ക് ആദ്യമായി വിളിയെത്തിയപ്പോള്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം നദീമിനെ ആസ്‌ട്രേലിയയിലേക്ക് പരിഗണിച്ചിട്ടില്ല. ഏഷ്യാകപ്പില്‍ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും പരിഗണിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്ക് അവസരം ലഭിച്ചു.