Cricket
അങ്ങനെ കോഹ്‌ലി സെഞ്ച്വറിയടിച്ചപ്പോള്‍ ഇന്ത്യ തോറ്റു; കൗതുകമുണ്ട്.....  
Cricket

അങ്ങനെ കോഹ്‌ലി സെഞ്ച്വറിയടിച്ചപ്പോള്‍ ഇന്ത്യ തോറ്റു; കൗതുകമുണ്ട്.....  

Web Desk
|
28 Oct 2018 7:25 AM GMT

തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കിയിരുന്നു 

പൂനെ ഏകദിനത്തില്‍ പിറന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 38ാമത്തെ സെഞ്ച്വറി. മാത്രമല്ല തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. പക്ഷേ ഇന്ത്യ തോറ്റു. അടുത്തകാലത്തായി ഇന്ത്യ വിജയിച്ച മത്സരങ്ങള്‍ നോക്കുകയാണെങ്കില്‍ ജയത്തില്‍ നിര്‍ണായകമായൊരു പങ്ക് കോഹ്‌ലിക്ക് അവകാശപ്പെടാനുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ (ചേസിങ്) ഇന്നലെ കോഹ്ലി നേടുന്നത് 23ാമത്തെ സെഞ്ച്വറിയാണ്. കോഹ്ലി സെഞ്ച്വറിയടിച്ച മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുന്നത് തന്നെ അപൂര്‍വ സംഭവമാണ്.

എന്നാല്‍ അത്തരമൊരു അപൂര്‍വതക്കും പൂനെ സാക്ഷിയായി. കോഹ്ലി ചേസിങില്‍ സെഞ്ച്വറിയടിച്ചൊരു ഹോം മത്സരം ഇന്ത്യ തോറ്റിരിക്കുന്നു. ചേസിങില്‍ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും രണ്ട് തവണ ഇന്ത്യ തോറ്റിട്ടുണ്ട്. പക്ഷേ അത് ഇന്ത്യയിലല്ലെന്ന് മാത്രം. 2014ല്‍ ന്യൂസിലാന്‍ഡിലെ നേപിയറിലും 2016ല്‍ ഓസ്‌ട്രേലിയയിലുമായിരുന്നു ആ രണ്ട് തോല്‍വികള്‍. ഇനി കോഹ്ലിയുടെ 38 സെഞ്ച്വറികളുടെ ഫലം നോക്കുകയാണെങ്കില്‍ 31 തവണയും ഇന്ത്യ ജയിച്ചു. ആറ് തവണ തോറ്റു. ഒന്ന് സമനിലയില്‍ കലാശിച്ചു. സമനിലയിലെത്തിയത് വിശാഖപ്പട്ടണത്തെ ഏകദിനമായിരുന്നു.

പൂനെ ഏകദിനത്തില്‍ 43 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് നേടിയ 95 റണ്‍സിന്റെ സഹായത്തില്‍ 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 9ന് 283 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ കോഹ്‌ലി(107) സെഞ്ചുറി നേടിയെങ്കിലും ടീം സ്‌കോര്‍ 240 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ 140 ഉം രണ്ടാം ഏകദിനത്തില്‍ 157*ഉം റണ്‍സ് അടിച്ചുകൂട്ടിയ കോഹ്‌ലി മൂന്നാം ഏകദിനത്തില്‍ 107 റണ്‍സ് നേടി.

Similar Posts