‘ചതിച്ചത്’ വിന്‍ഡീസിന്റെ വാലറ്റമെന്ന് ജസ്പ്രീത് ബുംറ
|പൂനെ ഏകദിനത്തില്‍ 43 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം
പൂനെ ഏകദിനത്തില്‍ വിന്‍ഡീസിന്റെ ജയത്തിന് പിന്നില്‍ അവരുടെ വാലറ്റത്തെ ബാറ്റിങ് പ്രകടനമെന്ന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ ആഷ്ലി നഴ്സ്, കീമര്‍ റോച്ച് എന്നിവരുടെ കൂട്ടുകെട്ടാണ് വിന്‍ഡീസിന് മികച്ച സ്കോര്‍ സമ്മാനിച്ചതെന്നും ബുംറ പറഞ്ഞു. 56 റണ്‍സിന്റെ ഈ കൂട്ടുകെട്ടാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. ഇതില്‍ നഴ്സ് വേഗത്തില്‍ 40 റണ്‍സും റോച്ച് 15 റണ്‍സും നേടി.
ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു,35ാം ഓവര്‍ വരെ കളി കയ്യിലായിരുന്നു, എന്നാല്‍ അതിന് ശേഷം വിന്‍ഡീസ് റണ്‍സ് നേടി, അത് തന്നെയാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. പൂനെ ഏകദിനത്തില്‍ 43 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് നേടിയ 95 റണ്‍സിന്റെ സഹായത്തിലാണ് 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 9ന് 283 റണ്‍സ് എടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ കോഹ്ലി(107) സെഞ്ചുറി നേടിയെങ്കിലും ടീം സ്കോര്‍ 240 റണ്‍സില്‍ അവസാനിച്ചു.
തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പുറത്താകലാണ് ഇന്ത്യക്ക് വിനയായത്. സാമുവല്സിനായിരുന്നു വിക്കറ്റ്. ആദ്യ ഏകദിനത്തില്‍ 140 ഉം രണ്ടാം ഏകദിനത്തില്‍ 157*ഉം റണ്‍സ് അടിച്ചുകൂട്ടിയ കോഹ്ലി മൂന്നാം ഏകദിനത്തില്‍ 107 റണ്‍സ് നേടി.