വിന്റീസിന് ഇന്ത്യയുടെ ‘ഹെവി റണ്‍ ചലഞ്ച്’
|തന്റെ കരിയരറിലെ ഇരുപത്തിയൊന്നാം സെഞ്ച്വറി തികച്ച രോഹിത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്ന് 21 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ എന്ന റെക്കോഡിട്ടു
വിന്റീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തത്. രോഹിത് 137 പന്തുകളില്‍ നിന്നും 162 റണ്‍സെടുത്തു. റായിഡു 81 പന്തുകളില്‍ നിന്നും 100 റണ്‍സും. തന്റെ കരിയരറിലെ ഇരുപത്തിയൊന്നാം സെഞ്ച്വറി തികച്ച രോഹിത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്ന് 21 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ എന്ന റെക്കോഡിട്ടു. 200 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച സച്ചിന് തെണ്ടുല്‍ക്കറിനെയും 217 ഇന്നിങ്സുകളില്‍ നിന്നും നേടിയ സൌരവ് ഗാംഗുലിയെയും പിന്തള്ളിയാണ് രോഹിത് പുതിയ റെക്കോഡ് കുറിച്ചത്. 186 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം.
38 റണ്‍സെടുത്ത് ശിഖര്‍ ധവാനും 16 റണ്‍സോടെ നായകന് വിരാട് കോഹ്ലിയും മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 16.4 ഓവറില്‍ 101ന് രണ്ട് എന്നതായിരുന്നു. പക്ഷെ രോഹിതും റായിഡുവും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ഇരുവരുടെയും 211 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാല്‍പ്പത്തി നാലാം ഓവറില്‍ രോഹിത് ശര്‍മ്മ മടങ്ങിയതോടെ അവസാനിച്ചത്.
സ്കോര്‍ 312ല്‍ നില്ക്കുമ്പോള് ഹേമ്രാജിന്റെ പന്തില്‍ ഗല്ലിയില്‍ നില്ക്കുന്ന നഴ്സിന് ക്യാച്ച് നല്കി രോഹിത് മടങ്ങി. 20 ഫോറുകളും നാല് സിക്സറുകളുമടങ്ങുന്നതായിരുന്നു രോഹിതിന്റെ അത്യുഗ്രന്‍ പ്രകടനം. ഗാലറിയിലേക്ക് മടങ്ങുന്ന രോഹിത്തിന് വിന്റീസ് താരങ്ങള്‍ ചെന്ന് കൈ കൊടുത്തത് അദ്ദേഹത്തിന്റെ ഇന്നിങ്സ് എത്ര മനോഹരമായിരുന്നു എന്നതിന് തെളിവാണ്.
സെഞ്ച്വറി തികച്ച അടുത്ത പന്തില്‍ തന്നെ അമ്പോട്ടി റായിഡുവും മടങ്ങി. ഹേമ്രാജിന്റെ പന്തില്‍ സിങ്കിളിന് ശ്രമിക്കവെ റായിഡു റണ്ണൌട്ടാവുകയായിരുന്നു. നാല്‍പ്പത്തിയൊന്‍പതാം ഓവറില്‍ ലക്ഷ്യം കാണാതെ പോയ ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ട് ഫാബിയന്‍ അലെന്റെ കൈകളിലെത്തിയെങ്കിലും അലൈന്‍ അവസരം പാഴാക്കി. പക്ഷെ, അടുത്ത പന്തില്‍ തന്നെ ഹേമ്രാജിന് ക്യാച്ച് നല്കി 15 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത് ധോണി പിന്‍വാങ്ങി.
അവസാന ഓവറുകളില്‍ ക്രീസിലെത്തിയത് കൊണ്ട് കേദാര്‍ ജാധവിനും ജഡേജക്കും അധികമൊന്നും ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 16 റണ്‍സെടുത്ത് ജാധവും ഏഴ് റണ്‍സെടുത്ത് ജഡേജയും പുറത്താകാതെ നിന്നു.
വിന്റീസിന് വേണ്ടി റോച്ച് രണ്ടും നഴ്സ്, ഹേമ്രാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.