0.08 സെക്കന്റിലൊരു സ്റ്റംമ്പിംങ്, ശേഷം ധോണി ചിരിച്ചു
|സ്റ്റംമ്പിംങിന് ശേഷം ചിരിച്ചുകൊണ്ട് ധോണി ഓടി വന്നപ്പോഴാണ് ബോളര്‍ ജഡേജക്ക് പോലും വിക്കറ്റ് സാധ്യത തെളിഞ്ഞത്.
വെസ്റ്റ് ഇന്‍ഡീസിനും ആസ്ത്രേലിയക്കുമെതിരായ ട്വന്റി 20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ബാറ്റിംങില്‍ പഴയ പ്രതാപമില്ലെങ്കിലും കളിയെ വിലയിരുത്തുന്നതിലും വിക്കറ്റിന് പിന്നിലെ പ്രകടനത്തിലും ധോണി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംങ് നടന്നു. വെറും 0.08 സെക്കന്റിലാണ് വിന്‍ഡീസ് താരം കീമോ പോളിനെ ധോണി സ്റ്റംമ്പ് ചെയ്തത്.
പന്തെറിഞ്ഞ ജഡേജക്കോ ക്രീസില്‍ ബാറ്റുമായി നിന്ന പോളിനോ എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ വിക്കറ്റ് മിന്നിക്കഴിഞ്ഞിരുന്നു. സ്റ്റംമ്പിംങിന് ശേഷവും അത് ഔട്ടാണോ എന്ന് ചോദ്യമായിരുന്നു ജഡേജയുടേത്. ചിരി മാത്രമായിരുന്നു ആ ചോദ്യത്തിനുള്ള ധോണിയുടെ മറുപടി. ഇരുപത്തെട്ടാം ഓവറില്‍ (27.5) പോള്‍ 19 റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു ആ സ്റ്റംമ്പിംങ്. പതിവു ആവേശത്തിലാണ് ധോണിയുടെ മിന്നല്‍ പ്രകടനത്തെ സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
രോഹിത് ശര്‍മ്മയുടേയും (162) അംബാട്ടി റായിഡുവിന്റേയും(100) സെഞ്ചുറി മികവില്‍ ഇന്ത്യ 224 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആഘോഷിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 377/5 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് മറുപടി 153 റണ്‍സില്‍ ഒതുങ്ങി. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി. അവസാന ഏകദിനം തിരുവനന്തപുരത്ത് വ്യാഴാഴ്ച്ച നടക്കും.