നാലാമനായി ഇറങ്ങാന്‍ റായിഡു ഉണ്ട്; ഇന്ത്യയുടെ മധ്യ നിരയും ശക്തം
|ഏഴ് മാസങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന വേൾഡ് കപ്പിന് വേണ്ടിയുള്ള ടീമിൽ നിർണായക മുതൽ കൂട്ടായിരിക്കും റായിഡു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇനി മനസ്സ് ശാന്തമാക്കി കളിക്കാനിറങ്ങാം. മിന്നുന്ന ഫോമിൽ റൺ മല പടുത്തുയർത്തുമ്പോഴും ഇന്ത്യൻ ക്യാമ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നത് മധ്യ നിരയുടെ സ്ഥിരത ഇല്ലായ്മയായിരുന്നു. എന്നാൽ അവസാന കളിയിൽ അമ്പാട്ടി റായിഡുവിന്റെ തകർപ്പൻ ബാറ്റിങ് അതിന് പരിഹാരമായിരിക്കുകയാണ്.
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത രോഹിത്ത് ശർമക്ക്(137 പന്തിൽ നിന്ന് 162) പുറമെ, കോഹ്‍ലിക്കും സെലക്ടർമാർക്കും ഏറെ ആശ്വാസം പകർന്ന ഇന്നിംഗ്സ് ആയിരുന്നു അമ്പാട്ടി റായിഡുവിന്റെത്. 81 പന്തുകളിൽ നിന്ന് നാല് സികസറുകളും എട്ട് ബൗണ്ടറികളുമടക്കം നൂറ് റൺസെടുത്ത റായിഡു, ഫോം നില നിര്‍ത്തുകയാണങ്കില്‍, ഏഴ് മാസങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന വേൾഡ് കപ്പിന് വേണ്ടിയുള്ള ടീമിൽ നിർണായക മുതൽ കൂട്ടായിരിക്കും.
നിലവിൽ അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക് ഉൾപ്പെടുന്ന മധ്യ നിര അവസരത്തിനൊത്ത് ഉയരാത്തത് ടീമിന് തലവേദനയായിരുന്നു. അമ്പാട്ടി റായിഡുവിനെ പോലെ മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഒരു നാലാം നമ്പര്‍ കളിക്കാരന്‍ വരുന്നതോടെ ഇൗയൊരു പ്രതിസന്ധിക്കാണ് പരിഹാരമായിരിക്കുന്നത്.