Cricket
കാര്യവട്ടത്ത് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; പരമ്പര 
Cricket

കാര്യവട്ടത്ത് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; പരമ്പര 

Web Desk
|
1 Nov 2018 11:37 AM GMT

വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

കാര്യവട്ടം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിശാഖപ്പട്ടണത്ത് നടന്ന ഒരു ഏകദിനമത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി(63) നേടി. 45 പന്തിലാണ് താരം അര്‍ദ്ധ സെഞ്ച്വറി തികച്ചത്. കരിയറിലെ 37ാമത്തെ അര്‍ദ്ധ ശതകമായിരുന്നു രോഹിതിന്റേത്. അഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. കോഹ്ലി 33 റണ്‍സ് നേടി.

ശിഖര്‍ ധവാന്റെ(6) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെയായിരുന്നു ധവാന്‍ മടങ്ങിയത്. കഴിഞ്ഞ കളിയിലേത് പോലെ ഒഷാനെ തോമസിന്റെ പന്തില്‍ ധവാന്റെ സ്റ്റമ്പിളകുകയായിരുന്നു. പിന്നാലെ എത്തിയ കോഹ്ലി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ തോമസ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയുടെ ക്യാച്ച് ഹോള്‍ഡര്‍ വിട്ടുകളഞ്ഞു. പതിയെ രോഹിതും കോഹ്ലിയും കളം പിടിച്ചു. അതിനിടെ വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും നോബോളായിരുന്നു. എന്നാല്‍ പിന്നീട് അവസരമൊന്നും നല്‍കാതെ ഇന്ത്യ ജയത്തിലെത്തുകയായിരുന്നു. രോഹിതായിരുന്നു ആക്രമണ ബാറ്റിങ് കാഴ്ച വെച്ചത്. പതിയെ തുടങ്ങിയ ശര്‍മ്മ വിന്‍ഡീസ് ബൌളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. അതിനിടെ കരിയറിലെ 200ാമത്തെ സിക്സറും രോഹിത് കണ്ടെത്തി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ വീഴ്ത്തിയത്. ജഡേജ മാത്രമല്ല പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഒരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റോവ് മാന്‍ പവല്‍(16) മാര്‍ലോണ്‍ സാമുവല്‍സ്(24) നായകന്‍ ജേസണ്‍ ഹോള്‍ഡര്‍(25) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റ് നഷ്ടമായത് ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴും. മത്സരത്തിലെ നാലാം പന്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. റണ്ണെടുക്കും മുമ്പ് ഓപണര്‍ പവലിനെ ഭുവി ധോണിയുടെ കൈകളിലെത്തിക്കുകയാ യിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഹോപിന്റെ വിക്കറ്റ് തെറിപ്പിച്ച് ബുംറ വീണ്ടും വിന്‍ഡീസിനെ കുഴക്കി.

പിന്നീടങ്ങോട്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. പേസ്, സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ അവര്‍ അമ്പെ പരാജയപ്പെട്ടു. ബുംറയുടെ പന്തുകളെ പ്രതിരോധിക്കാന്‍ തന്നെ പാടുപെട്ടു. ആറ് ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ ഒരു മെയ്ഡന്‍ ഓവറടക്കം പതിനൊന്ന് റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ജഡേജ 9.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്.

Similar Posts