ടി20യില്‍ നിന്ന് ധോണിയെ ഒഴിവാക്കിയത്; പ്രതികരണവുമായി കോഹ്‌ലി
|കാര്യവട്ടത്ത് നടന്ന അഞ്ചാം ഏകദിനത്തിന് ശേഷമാണ് കോഹ്ലി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം തേടിയുള്ള വിശദീകരണങ്ങള്‍ അവസാനിച്ചിട്ടില്ല. എന്നാലിപ്പോഴിതാ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നു. കാര്യവട്ടത്ത് നടന്ന അഞ്ചാം ഏകദിനത്തിന് ശേഷമാണ് കോഹ്ലി ഈ വിഷയത്തില്‍ പ്രതികരിച്ചത്. കാര്യവട്ടത്തെ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം ഒമ്പത് വിക്കറ്റിനായിരുന്നു.
ധോണിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ പ്രതികരിച്ച് കഴിഞ്ഞെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, അതുകൊണ്ട് തന്നെ ഇവിടെ ഇരുന്ന് അത് സംബന്ധിച്ച് വിശദീകരിക്കുന്നതില്‍ കാര്യമില്ല, എന്താണ് സംഭവിച്ചതെന്ന് സെലക്ടര്‍മാര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു, അതില്‍ ഞാനുണ്ടായിരുന്നില്ല, കോഹ്‌ലി പറയുന്നു. ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്, ടി20 പോലുള്ള ഫോര്‍മാറ്റില്‍ റിഷബ് പന്തിനെപ്പോലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് അവര്‍ ചിന്തിച്ച് കാണണം, എന്നിരുന്നാലും ഏകദിന ഫോര്‍മാറ്റില്‍ ധോണിയുടെ സേവനം ഇനിയുമുണ്ടാകുമെന്നും കോഹ്‌ലി വ്യക്തമാക്കി.
കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുന്നു, അല്ലാതെ ജനങ്ങള്‍ പുറത്ത് പ്രചരിപ്പിക്കുന്നത് പോലെയല്ലെന്നും നായകനെന്ന നിലയില്‍ അക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ധോണിയെ, ടി20 ഫോര്‍മാറ്റില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചത്. കോഹ് ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും വിഷയം അറിഞ്ഞിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിന്‍ഡീസിനെതിരെയും ആസ്‌ട്രേലിയക്കെതിരെയുമായ ടി20 ഫോര്‍മാറ്റില്‍ നിന്നാണ് ധോണിയെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ വിന്‍ഡീസിനെതിരായ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.