ടെസ്റ്റില്‍ അരങ്ങേറാനായില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു
|97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 6151 റണ്‍സ് റായിഡു നേടിയിട്ടുണ്ട്...
രഞ്ജി ട്രോഫി അടക്കമുള്ള ദൈര്‍ഘ്യമേറിയ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിനവും ട്വന്റി 20യും അടക്കമുള്ള പരിമിത ഓവര്‍ മത്സരങ്ങളിലായിരിക്കും കളിക്കുകയെന്ന് 33കാരനായ താരം വ്യക്തമാക്കി. ഒരു ടെസ്റ്റ് പോലും ഇന്ത്യക്കുവേണ്ടി കളിക്കാന്‍ റായിഡുവിനായിട്ടില്ല.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെയാണ് തന്റെ തീരുമാനം അമ്പാട്ടി റായിഡു വിരമിക്കല്‍ അറിയിച്ചത്. ' പരിമിത ഓവര്‍ മത്സരങ്ങളില്‍ അന്താരാഷ്ട്ര പ്രാദേശിക വേദികളില്‍ തുടര്‍ന്നു കളിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നല്കിയ പിന്തുണക്ക് ബി.സി.സി.ഐക്കും എച്ച്.സി.എക്കും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിക്കുന്നു' എന്നാണ് വിരമിക്കല്‍ കുറിപ്പില്‍ അമ്പാട്ടി റായിഡു വ്യക്തമാക്കിയിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി അടക്കമുള്ള മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് റായിഡുവിന്റെ തീരുമാനം. തികച്ചും അപ്രതീക്ഷിതമായാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്തയാഴ്ച്ച നടക്കുന്ന തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ റായിഡു ഹൈദരാബാദിന് വേണ്ടി ഓപണറായി കളിക്കുമെന്നായിരുന്നു പ്രതീക്ഷ.
97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 6151 റണ്‍സ് റായിഡു നേടിയിട്ടുണ്ട്. 45.56 ശരാശരിയില്‍ 16 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയുമാണ് റായിഡു കുറിച്ചിട്ടുള്ളത്.