ആദ്യ ജയം എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ടി20യില്‍ വിന്‍ഡീസിനെ തകര്‍ത്തത് അഞ്ചു വിക്കറ്റിന്
|ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അടി പതറിയപ്പോൾ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
വിൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇന്‍ഡിനെ 109 റൺസിൽ ഒതുക്കിയ ഇന്ത്യ, 17.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. സ്കോര്‍:
വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 109/8
ഇന്ത്യ 17.5 ഓവറില്‍ 110/5
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അടി പതറിയപ്പോൾ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 27 റണ്‍സെടുത്ത ഫാബിയന്‍ അല്ലനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഹെറ്റ്മയര്‍(10) പൊള്ളാര്‍ഡ് (14) കാര്‍ലോസ് ബ്രാത്ത്‍വെയിറ്റ് (4) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രിത് ബുംറ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ പതിമൂന്ന് റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
അനായാസ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പക്ഷേ, സ്കോർ ബോർഡിൽ 45 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ (6), ശിഖർ ധവാൻ (3), ലോകേഷ് രാഹുൽ (16), ഋഷഭ് പന്ത് (19), മനീഷ് പാണ്ഡെ (19) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ ബാറ്റ്സ്മാൻമാർ. തുടര്‍ന്ന്, അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ദിനേശ് കാർത്തികും(34 ബോളിൽ 31) ക്രുണാൽ പാണ്ഡെയും (9 ബോളിൽ 21) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡിനായി ക്യാപ്റ്റൻ കാർലോസ് ബ്രാത്ത്‍വെയിറ്റും ഒഷേൻ തോമസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, കാരി പിയറി ഒരു വിക്കറ്റ് നേടി.