ഇതെന്താ കെയ്ന്‍ പക്ഷിയോ?
|ഫഖര്‍ സമന്‍ പോലും കുറച്ചു നിമിഷങ്ങള്‍ അന്ധാളിച്ച് നിന്നശേഷമാണ് ക്രീസ് വിട്ടത്
കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സമകാലീന ക്രിക്കറ്റിലെ ഒരു അസാധ്യ ഫീല്‍ഡറാണെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയം കാണില്ല. പാകിസ്താനെതിരായ ട്വന്റി ട്വന്റി മത്സരത്തിനിടയിലും ഒരു പറക്കും കെയ്ന്‍ നിമിഷം പിറന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും ഫീല്‍ഡില്‍ ഗംഭീര പ്രകടനമാണ് ന്യൂസിലന്റ് താരങ്ങള്‍ നടത്തിയത്. രണ്ടാം മത്സരത്തില്‍ ഫഖര്‍ സമനെ പുറത്താക്കിയ കെയന്‍ വില്യംസന്റെ ക്യാച്ചും അത്തരമൊന്നായിരുന്നു.
അഞ്ചാം ഓവറിലായിരുന്നു ഫഖര്‍ സമനെ കെയ്ന്‍ വില്യംസണ്‍ പറന്നുപിടിച്ചത്. ആദം മിനേയുടെ പന്തില്‍ മിഡ് ഓഫ് ലക്ഷ്യമിട്ട് ഫഖര്‍ സമന്‍ തൊടുത്ത ഷോട്ട് ഇടത്തേക്ക് ചാടി ഇടംകയ്യിലൊതുക്കുകയായിരുന്നു വില്യംസണ്‍. ഫീല്‍ഡിംങിലെ ഈ അസാധാരണ പ്രകടനമൊന്നുകൊണ്ടുമാത്രമാണ് ഫഖര്‍ സമന് പുറത്തേക്ക് പോകേണ്ടി വന്നത്. ഫഖര്‍ സമന്‍ പോലും കുറച്ചു നിമിഷങ്ങള്‍ അന്ധാളിച്ച് നിന്നശേഷമാണ് ക്രീസ് വിട്ടത്.
ആദ്യമത്സരം രണ്ട് റണ്‍സിന് ജയിച്ചെങ്കില്‍ രണ്ടാം ട്വന്റി ട്വന്റി രണ്ട് പന്തുകള്‍ ശേഷിക്കെയായിരുന്നു പാകിസ്താന്‍ ജയിച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പര പാകിസ്താന്‍ 2-0ത്തിന് നേടി. ന്യൂസിലന്റ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ മറികടന്നത്. ഇതോടെ തുടര്‍ച്ചയായി 11 ട്വന്റി ട്വന്റി പരമ്പരകള്‍ നേടുന്ന ടീമെന്ന റെക്കോഡും പാകിസ്താന്‍ രചിച്ചു. 2016ലെ ടി ട്വന്റി ലോകകപ്പിന് ശേഷം ഇതുവരെ പാകിസ്താന്‍ ട്വന്റി ട്വന്റി പരമ്പര കൈവിട്ടിട്ടില്ല.