Cricket
കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ബാബര്‍ അസം  
Cricket

കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ബാബര്‍ അസം  

Web Desk
|
5 Nov 2018 11:06 AM GMT

ടി20യില്‍ വേഗത്തില്‍ ആയിരം റണ്‍സ് കണ്ടെത്തി എന്ന റെക്കോര്‍ഡാണ് ബാബര്‍ അസം സ്വന്തം പേരിലാക്കിയത്.  

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഓരോ റെക്കോര്‍ഡും സ്വന്തം പേരിലാക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. എന്നാല്‍ അതേ കോഹ്‌ലി കുറിച്ചൊരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് പാകിസ്താന്റെ ബാബര്‍ അസം. ടി20യില്‍ വേഗത്തില്‍ ആയിരം റണ്‍സ് കണ്ടെത്തി എന്ന റെക്കോര്‍ഡാണ് ബാബര്‍ അസം സ്വന്തം പേരിലാക്കിയത്. ഒരു ഇന്നിങ്‌സ് വ്യത്യാസത്തിലാണ് ബാബര്‍, കോഹ്‌ലിയെ മറികടന്നത്. 27 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 1000 റണ്‍സ് കണ്ടത്തിയതെങ്കില്‍ ബാബര്‍ അസം 26 ഇന്നിങ്‌സുകളില്‍ നിന്നാണ് ആയിരം തികച്ചത്.

യു.എ.ഇയില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മൂന്നാം ടി20യിലാണ് ബാബറിന്റെ റെക്കോര്‍ഡ് പ്രകടനം. മത്സരത്തില്‍ ബാബര്‍ 79 റണ്‍സ് നേടി. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് ബാബറിന്റെ നേട്ടം. മത്സരത്തില്‍ പാകിസ്താന്‍ 47 റണ്‍സിന് വിജയിച്ചപ്പോള്‍ അസമായിരുന്നു മാന്‍ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 166 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡിന്‍റെ ഇന്നിങ്സ് 16.5 ഓവറില്‍ 119ല്‍ അവസാനിച്ചു. ടി20യില്‍ ഓപ്പണറായി എത്തുന്ന ബാബര്‍ അടുത്തകാലത്തായി പാകിസ്താന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20യില്‍ 7,40,79 എന്നിങ്ങനെയാണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. ഇതിന് മുമ്പ് ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20യില്‍ ബാബര്‍ അസം നേടിയത് 68,45,50 എന്നിങ്ങനെയായിരുന്നു. ബാബറിനെയായിരുന്നു അന്ന് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.

Similar Posts