വിന്‍ഡീസിനെതിരെ തിളങ്ങി ക്രുണാല്‍ പാണ്ഡ്യ
|ആദ്യ ഓവറില്‍ പത്ത് റണ്‍ വഴങ്ങിയ ക്രുണാല്‍ പിന്നീടുള്ള മൂന്ന് ഓവറില്‍ വെറും അഞ്ചു റണ്‍സാണ് വഴങ്ങിയത്...
ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയ ശേഷമുള്ള മൂന്ന് ഓവറുകളില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഈ പ്രകടനം മാത്രം മതി ക്രുണാല്‍ പാണ്ഡ്യയിലെ ക്രൂഷ്യല്‍ കഴിവുകള്‍ മനസിലാക്കാന്‍. എളുപ്പത്തില്‍ തോറ്റുകൊടുക്കാന്‍ മനസില്ലാത്ത ഈ 27കാരന്റെ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റ ട്വന്റി ട്വന്റി മത്സരം കൂടിയായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്നത്.
ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹാര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് ക്രുണാല്‍. പേസര്‍ ഓള്‍റൗണ്ടര്‍മാരുടെ കുറവ് ഹാര്‍ദിക്കിന് അനുഗ്രഹമായപ്പോള്‍ പ്രതിഭാധനരായ സ്പിന്നര്‍മാരുടെ ആധിക്യമാണ് ക്രുണാലിന് തിരിച്ചടിയായത്. വൈകിയെങ്കിലും ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ലഭിച്ച അവസരം പരമാവധി മുതലാക്കുകയും ക്രുണാല്‍ ചെയ്തു. ക്രിക്കറ്റ് മൈതാനത്തുള്ള ഓരോ നിമിഷവും ടീമിനായി പരമാവധി നല്‍കാനുള്ള കഴിവാണ് ക്രുണാലിനെ മികവുറ്റ ഓള്‍റൗണ്ടറാക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ കളിക്കാനായില്ലെങ്കിലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്താന്‍ ഈ ഇടംകൈ സ്പിന്നര്‍ക്കായിട്ടുണ്ട്. 62 ടി ട്വന്റി മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് ക്രുണാലിന് വിളിയെത്തിയത്. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് പന്തെറിയാനുള്ള കഴിവാണ് ക്രുണാലിനെ വ്യത്യസ്ഥാനാക്കുന്നത്.
IND vs WI 2018, 1st T20I: Krunal Pandya Interview
IND vs WI 2018, 1st T20I: Krunal Pandya Interview
പൊള്ളാര്‍ഡും ബ്രാവോയും ക്രീസില്‍ നില്‍ക്കുമ്പോഴാണ് എട്ടാം ഓവറെറിയാന്‍ ക്രുണാല്‍ പാണ്ഡ്യ എത്തുന്നത്. മൂന്നാം പന്ത് പാണ്ഡ്യയെ പൊള്ളാര്‍ഡ് സിക്‌സറിന് പരത്തുകയും ചെയ്തു. രണ്ട് പന്തുകള്‍ വൈഡ് ആവുകയും ചെയ്തതോടെ ആദ്യ ഓവറില്‍ വഴങ്ങിയത് പത്ത് റണ്‍.
എന്നാല്‍ പിന്നീട് കണ്ടത് ക്രുണാലിന്റെ തിരിച്ചുവരവാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ പൊള്ളാര്‍ഡിനെ പുറത്താക്കി ക്രുണാല്‍ ആദ്യ വിക്കറ്റു വീഴ്ത്തി. ക്രീസിന്റെ കോണുകളില്‍ നിന്നുള്ള ബൗളിംങിലൂടെ ബാറ്റ്‌സ്മാന്റെ താളം തെറ്റിക്കുന്നതില്‍ പിന്നീട് ക്രുണാല്‍ വിജയിച്ചു. ഇതോടെ ക്രുണാലിനെതിരെ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് പിന്നീട് ഒരു ബൗണ്ടറി പോലും നേടാനായില്ല.
പിന്നീട് ബാറ്റിംങിനിറങ്ങിയപ്പോഴും ക്രുണാലിന്റെ പ്രകടനം നിര്‍ണ്ണായകമായി. ഏഴാമനായിറങ്ങി വെറും ഒമ്പതു പന്തുകളില്‍ നിന്നും 21 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. മൂന്ന് ബൗണ്ടറികളും നേടി. അപരാജിതമായ ആറാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കും(31) ക്രുണാല്‍ പാണ്ഡ്യയും(21) ചേര്‍ന്ന് നേടിയ 27 റണ്‍സും മത്സരം ഇന്ത്യയുടെ വരുതിയിലെത്തിച്ചു.