ഇംഗ്ലണ്ടിനെ തോല്പിച്ച ബംഗ്ലാദേശിനെ എറിഞ്ഞിട്ട് സിംബാബ്വെ; 2013ന് ശേഷം ആദ്യ ജയം
|അടുത്തിടെ വമ്പന്‍ ടീമുകളെ ബംഗ്ലാദേശ് സ്വന്തം നാട്ടില്‍വെച്ച് തോല്പിച്ചിരുന്നു
ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെക്ക് തകര്‍പ്പന്‍ ജയം. നാട്ടിലെ പുലികളായ ബംഗ്ലാദേശിനെ 151 റണ്‍സിനാണ് സിംബാബ്വെ തോല്പിച്ചത്. അതും നാലാം ദിവസം കളി അവസാനിക്കുകയും ചെയ്തു. 321 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ബ്രെന്‍ഡന്‍ മാവുത, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസ, രണ്ട് വിക്കറ്റ് വീഴ്ത്തിയ വെല്ലിങ്ടണ്‍ മസാകട്സ എന്നിവരാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്.
43 റണ്‍സെടുത്ത ഇംറുല്‍ ഖയീസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. 2013ന് ശേഷം ആദ്യമായാണ് സിംബാബ്വെ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ചരിത്രത്തില്‍ തന്നെ മൂന്നാമത്തെ എവെ ടെസ്റ്റ് വിജയവും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ് വെക്ക് 282 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സീന്‍ വില്യംസണ് 88 റണ്‍സെടുത്ത് ടോപ് സ്കോററായി. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന് 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റ് ചെയ്ത സിംബാബ് വെക്ക് അതിവേഗം ലീഡുയര്‍ത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്.
🙌 ZIMBABWE WIN 🙌
— ICC (@ICC) November 6, 2018
The visitors register their first Test win since 2013 as they beat Bangladesh by 151 runs in Sylhet.#BANvZIM SCORECARD 👇https://t.co/7DEQuatUUI pic.twitter.com/zr7IIM7aTd
181ല്‍ നില്‍ക്കെ എല്ലാവരും പുറത്തായെങ്കിലും 321 എന്ന സ്കോര്‍ വിജയലക്ഷ്യമായി മുന്നില്വെക്കാനായി. 2016ലാണ് ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയൊരുക്കി ബംഗ്ലാദേശ് വീഴ്ത്തിയത്. 108 റണ്‍സിനായിരുന്നു അന്ന് ബംഗ്ലാദേശിന്റെ വിജയം. രണ്ടാം ടെസ്റ്റ് നവംബര്‍ പതിനൊന്നിന് ധാക്കയിലാണ്. നേരത്തെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു.