‘മറ്റു രാജ്യങ്ങളുടെ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ട’; പറയുന്നത് വിരാട് കൊഹ്ലി
|നിങ്ങളൊരു അമിതപ്രാധാന്യം ലഭിച്ച ബാറ്റ്സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള് ഇംഗ്ലീഷ്, ആസ്ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ്
ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞാലോ പ്രതിഷേധിച്ചാലോ ഉടനെ പാകിസ്താനിലേക്ക് പൊക്കോളൂ എന്ന് പറയുന്ന ചിലരെ നമ്മള് കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ സമാന ശബ്ദത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായന് വിരാട് കൊഹ്ലി. ഒരു ആരാധകന്റെ ട്വീറ്റിന് കൊഹ്ലി നല്കിയ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരേക്കാള് ആസ്ട്രേലിയക്കാരും ഇംഗ്ലീഷ് താരങ്ങളുമാണ് കേമന്മാര് എന്ന ഒരു ട്വീറ്റിനായിരുന്നു കൊഹ്ലിയുടെ മറുപടി. അങ്ങനെ മറ്റുള്ള രാജ്യത്തിന്റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് കൊഹ്ലി പറയുന്നു.
'നിങ്ങളൊരു അമിതപ്രാധാന്യം ലഭിച്ച ബാറ്റ്സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള് എനിക്ക് ഇംഗ്ലീഷ്, ആസ്ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടപ്പെടാറുള്ളത്.' ഇങ്ങനെയായിരുന്നു ആരാധകന്റെ ട്വീറ്റ്. ഇതിന് കൊഹ്ലി നല്കിയ മറുപടി ഇങ്ങനെ: 'ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്നേഹിച്ചു എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.' ഏതായാലും കൊഹ്ലിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. കൊഹ്ലിയുടെ വീഡിയോക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.