Cricket
കൊഹ്‍ലിക്കും ധോണിക്കും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ
Cricket

കൊഹ്‍ലിക്കും ധോണിക്കും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ

Web Desk
|
12 Nov 2018 6:54 AM GMT

അവസാന ട്വന്‍റി 20 യില്‍ ഒടുവിലത്തെ പന്തില്‍ നാടകീയ വിജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

വെന്‍സ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മക്ക് കൂട്ടായി ഒരു അപൂര്‍വ റെക്കോര്‍ഡും കൂടെ പോന്നു. വിരാട് കൊഹ്‍ലിക്കും എം.എസ് ധോണിക്കും നേടാനാകാത്ത റെക്കോര്‍ഡിനെയാണ് രോഹിത് കൂടെക്കൂട്ടിയത്. അവസാന ട്വന്‍റി 20 യില്‍ ഒടുവിലത്തെ പന്തില്‍ നാടകീയ വിജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

കൊഹ്‍ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച 12 ട്വന്‍റി 20 മത്സരങ്ങളില്‍ 11 ലും വിജയത്തീരത്ത് എത്തിയാണ് രോഹിതിന്‍റെ റെക്കോര്‍ഡ് നേട്ടം. ലോകത്ത് ഒരു നായകനും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡാണ് രോഹിത് ഈ ജയത്തോടെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ഹിറ്റ്മാന് കീഴില്‍ ഇത് രണ്ടാം തവണയാണ് ടീം ഇന്ത്യ പരമ്പര തൂത്തുവാരുന്നത്. 3-0 എന്ന മാര്‍ജിനില്‍ രണ്ടു ട്വന്‍റി 20 പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ കൂടിയായി രോഹിത് ശര്‍മ. ഷോയ്ബ് മാലിക്, മൈക്കിള്‍ ക്ലാര്‍ക്ക്, അസ്ഗര്‍ സ്റ്റാനിക്സി, സര്‍ഫറാസ് അഹമ്മദ് എന്നിവരെ മറികടന്നാണ് അപൂര്‍വ നേട്ടം രോഹിത്തിന്‍റെ അക്കൌണ്ടില്‍ എത്തിയത്. ഈ നാലു പേരും ടീമിനെ നയിച്ചപ്പോള്‍ 12 മത്സരങ്ങളില്‍ 10 മത്സരങ്ങളില്‍ വിജയം കണ്ടെത്തിയവരാണ്.

കൊഹ്‍ലിക്ക് കീഴില്‍ പോലും ഇന്ത്യക്ക് ഇങ്ങനെയൊരു നേട്ടമില്ല. എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ സാക്ഷാല്‍ ധോണിക്ക് കീഴില്‍ പോലും ടീം ഇന്ത്യ പരമ്പര തൂത്തുവാരിയത് ഒരിക്കല്‍ മാത്രമാണ്. ഇന്നലെ ധവാന്‍റേയും(62 പന്തില്‍ 92) പന്തിന്‍റേയും(38 പന്തില്‍ 58) ബാറ്റിങാണ് ഇന്ത്യക്ക് തുണയായത്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ജയിപ്പിക്കാനുള്ള ശ്രമത്തിനിടെ ധവാന്‍(92) മിഡ് ഓഫില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. അവസാന പന്തില്‍ ബൗളര്‍ അലന്‍റെ മിസ് ഫീല്‍ഡ് കൂടി തുണച്ചതോടെ ഇന്ത്യ ഒരു റണ്ണും ജയവും സ്വന്തമാക്കുകയായിരുന്നു.

Similar Posts