Cricket
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകന്‍ മുര്‍താസ
Cricket

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകന്‍ മുര്‍താസ

Web Desk
|
13 Nov 2018 5:01 AM GMT

ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന താരങ്ങള്‍ക്ക് രാഷ്ട്രീയത്തിലും സജീവമാകുന്നതിന് വിലക്കില്ലെന്നാണ് ക്രിക്കറ്റിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഷ്‌റഫെ മുര്‍താസ ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഭരണകക്ഷിയായ അവാമി ലീഗിന് വേണ്ടിയാണ് താരം മത്സരിക്കുന്നത്. മുര്‍താസ ഇതിനോട് പച്ചക്കൊടി കാട്ടിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ജന്മനാടായ നരെയ്‌ലില്‍ നിന്നാകും മുര്‍താസ മത്സരിക്കുകയെന്നാണ് അവാമി ലീഗ് അറിയിക്കുന്നത്. ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന താരങ്ങള്‍ക്ക് രാഷ്ട്രീയത്തിലും സജീവമാകുന്നതിന് വിലക്കില്ലെന്നാണ് ക്രിക്കറ്റിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണ്. അതിനെ തടയാനാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനസ് വ്യക്തമാക്കി. ക്രിക്കറ്റും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജലാല്‍ യൂനുസ് പറഞ്ഞു.

2019 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കുക മുര്‍താസയാകും. ലോകകപ്പിന് ശേഷം കളി അവസാനിപ്പിക്കാന്‍ 35 കാരനായ താരത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വന്റി20 യില്‍ നിന്ന് വിരമിച്ച മുര്‍താസെ 2009 ന് ശേഷം ടെസ്റ്റിലും കളിക്കുന്നില്ല. മത്സരിക്കാനുള്ള തീരുമാനത്തെ ചില ആരാധകര്‍ സ്വാഗതം ചെയ്തപ്പോള്‍ മറ്റുചിലര്‍ ഇത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിനെ ബാധിക്കുമെന്ന പക്ഷക്കാരാണ്.

Similar Posts