ബേസിലിനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി
|പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന വിവാദ നായകരായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തും...
മലയാളി താരം ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. വൃദ്ധിമാന്‍ സാഹ, കാര്‍ലോസ് ബ്രാത്‌വൈറ്റ്, സച്ചിന്‍ ബേബി എന്നിവരടക്കം ഒമ്പത് പേരെയാണ് സണ്‍റൈസേഴ്‌സ് ഒഴിവാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങി 17 താരങ്ങളെയും ധവാന് പകരം കിട്ടിയ മൂന്ന് താരങ്ങളെയും ഉള്‍പ്പെടെ 20 താരങ്ങളെയാണ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന വിവാദ നായകന്‍ ഡേവിഡ് വാര്‍ണറെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഇതേ വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തുന്നുണ്ട്. അതേസമയം ഇരു ടീമുകളുടേയും ക്യാപ്റ്റന്മാര്‍ ഇവര്‍തന്നെയാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പേസര്‍ ബേസില്‍ തമ്പി പറഞ്ഞു. സണ്‍റൈസേഴ്‌സ് ഒരു സന്തുലിതമായ ടീമാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയകാര്യം. വിദേശ താരങ്ങളെ ഉപയോഗിക്കുന്നതില്‍ പോലും വ്യക്തമായ പദ്ധതിയുണ്ട് ടീമിന്. അങ്ങനെയൊരു ടീമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
“ടീമില്‍ കെയ്ന്‍ വില്യംസണുണ്ട്. ഡേവിഡ് വാര്‍ണര്‍ ടീമിനൊപ്പം ചേരും. വാര്‍ണറുടെ കൂടെ കളിക്കുന്നതില്‍ സന്തോഷത്തിന് കാരണമുണ്ട്. ഞാന്‍ ആദ്യ ഐപിഎല്ലില്‍ പന്തെറിയുന്നത് വാര്‍ണര്‍ക്കെതിരെയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കളിക്കുന്നതിന്റെ ആവേശത്തിലാണ്. ഐ.പി.എല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ സെലക്റ്റര്‍മാരുടെ ശ്രദ്ധനേടാന്‍ സാധിക്കും” ആത്മവിശ്വാസത്തോടെ ബേസില്‍ പറയുന്നു.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംങ്‌സാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ തിരിച്ചുവരവ് സീസണിലെ 23 കളിക്കാരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. വെറും മൂന്ന് പേരെ മാത്രമേ ചെന്നൈ റിലീസ് ചെയ്തുള്ളൂ. മാര്‍ക്ക് വുഡ്, കനിഷ്‌ക് സേത്ത്, ഷിതിസ് ശര്‍മ്മ എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്.