രോഹിതിനേയും കോഹ്‍ലിയേയും റണ്‍വേട്ടയില്‍ പിന്നിലാക്കി മിതാലി രാജ്
|വനിത ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൌര്‍, സുരേഷ് റെയ്ന, മഹേന്ദ്രസിങ് ധോണി എന്നിവരാണ് പട്ടികയില്‍ ഇവര്‍ക്ക് താഴെയുള്ളത്.
വെസ്റ്റ് ഇന്‍റീസില്‍ നടക്കുന്ന വനിതകളുടെ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ദ്ധസെഞ്ച്വറികള്‍ കുറിച്ച് മികച്ച പ്രകടനം കാഴ്ചവക്കുകയാണ് ഇന്ത്യയുടെ മിതാലി രാജ്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നു എന്ന റെക്കോഡ് മിതാലി രാജ് സ്വന്തമാക്കി. വിരാട് കോഹ്‍ലിയെയും രോഹിത് ശര്‍മ്മയേയും പിന്നിലാക്കിയായിരുന്നു ഈ അവിസ്മരണീയമായ നേട്ടം മിതാലി രാജ് സ്വന്തമാക്കിയത്. വനിത ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൌര്‍, സുരേഷ് റെയ്ന, മഹേന്ദ്രസിങ് ധോണി എന്നിവരാണ് പട്ടികയില്‍ ഇവര്‍ക്ക് താഴെയുള്ളത്.
വനിത ടി20 ലോകകപ്പില്‍ പാക്കിസ്താനെതിരെ 56 റണ്‍സും എെര്‍ലാന്‍റിനെതിരെ 51 റണ്‍സുമെടുത്ത് തന്‍റെ മുന്നേറ്റം തുടരുകയാണ് മിതാലി രാജ്. 85 മത്സരങ്ങളില്‍ നിന്ന് 37.42 ശരാശരിയും 96.57 സ്ട്രൈക്ക് റേറ്റും നേടി 2283 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. മികച്ച സ്കോറായ 97 ഉള്‍പ്പടെ 17 അര്‍ദ്ധസെഞ്ച്വറികള്‍ മിതാലിയുടെ പേരിലുണ്ട്. മിതാലിക്ക് പിന്നില്‍ 2207 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 2102 റണ്‍സോടെ വിരാട് കോഹ്‍ലിയുമാണ്. വനിത ഇന്ത്യന്‍ ടീം നായിക ഹര്‍മന്‍പ്രീത് 1827 റണ്‍സോടെയും സുരേഷ് റെയ്ന 1605 റണ്‍സോടെയും പട്ടികയില്‍ പുറകിലുണ്ട്.