Cricket
ഇന്ത്യന്‍ വനിതാ ടീമിന്റെ ചിയര്‍ലീഡറായി കൊഹ്‍ലി
Cricket

ഇന്ത്യന്‍ വനിതാ ടീമിന്റെ ചിയര്‍ലീഡറായി കൊഹ്‍ലി

Web Desk
|
16 Nov 2018 10:17 AM GMT

ലോകകപ്പ് നേട്ടത്തിലേക്ക് ഇനി ഏതാനും ജയങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ആവേശം പകരാന്‍ കൊഹ്‍ലി രംഗത്തുവന്നത്.

അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് വനിത ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ചിയര്‍ലീഡറായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി.

ലോകകപ്പ് നേട്ടത്തിലേക്ക് ഇനി ഏതാനും ജയങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ആവേശം പകരാന്‍ കൊഹ്‍ലി രംഗത്തുവന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് കൊഹ്‍ലി ആവേശം നിറക്കുന്നത്. തന്റെ സഹാതാരങ്ങളോടും കായികരംഗത്തെ മറ്റു താരങ്ങളോടും വനിതാ ടീമിനെ പിന്തുണക്കാനും കിരീടവേട്ടയില്‍ പ്രോത്സാഹനം നല്‍കാനും കൊഹ്‍ലി ആവശ്യപ്പെടുന്നു. റിഷഭ് പന്ത്, സൈന നെഹ്‍വാള്‍, സുനില്‍ ഛേത്രി തുടങ്ങിയവരെയാണ് കൊഹ്‍ലി വീഡിയോയില്‍ ടാഗ് ചെയ്തിരിക്കുന്നത്. കൊഹ്‍ലിയുടെ അഭ്യര്‍ഥന ഏറ്റെടുത്ത് സൈനയും റിഷഭ് പന്തും സാനിയ മിര്‍സയുമൊക്കെ വനിതാ ടീമിന് പിന്തുണയുമായി ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.

അയര്‍ലന്‍ഡിനെ കീഴടക്കിയാണ് ഇന്ത്യ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 145 റണ്‍സിനെതിരെ അയര്‍ലന്‍ഡിന് 93 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി രാധ റായുഡു മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇസെബെല്‍ ജോയ്‌സാണ്(33) അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ട്വന്റി 20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ആസ്‌ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു. നേരത്തെ, ന്യൂസിലന്‍ഡിനെയും പാകിസ്താനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യ ആസ്‌ട്രേലിയയെ നേരിടും. സ്‌കോര്‍ ഇന്ത്യ: 145/6ന്(20 ഓവര്‍), അയര്‍ലന്‍ഡ്: 93/8ന്(20 ഓവര്‍).

മിതാലി രാജിന്റെ (51) അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണ്‍മാരായ മിതാലി രാജും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 67 റണ്‍സാണ് ഓപണിംങ് വിക്കറ്റില്‍ പിറന്നത്. സ്മൃതി മന്ദാനയെ (29 പന്തില്‍ 33) പുറത്താക്കി കിം ഗ്രെയ്താണ് അയര്‍ലന്‍ഡിനായി ബ്രേക്ക് നല്‍കിയത്.

ഒരറ്റത്ത് മിതാലി രാജ് ഉറച്ചു നിന്നെങ്കിലും ആദ്യ വിക്കറ്റിനു പിന്നാലെ ഓരോരുത്തരായി മടങ്ങിയത് കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് ഇന്ത്യക്ക് തടസമായി. ജെമീമ (18), ഹര്‍മന്‍പ്രീത്(7), വേദ കൃഷ്ണമൂര്‍ത്തി (9), ഹേമലത (4) എന്നിവര്‍ക്കും അവസാനത്തില്‍ തിളങ്ങാനായില്ല.

Similar Posts