വിശ്വസിക്കാനായില്ല, ആന്ന് ആ ബസ് ഓടിച്ചത് എം.എസ് ധോണി
|ഏറെ കാലം ടീം ഇന്ത്യയുടെ നായക സ്ഥാനത്തിരുന്ന്, അന്ന് വരെ ഇന്ത്യ സ്വപ്നം കണ്ടിരുന്ന കിരീടങ്ങളെല്ലാം ഇന്ത്യക്ക് നേടിതന്നു ഈ റാഞ്ചിക്കാരന്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓളമുണ്ടാക്കിയ കളിക്കാരുടെ കൂട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എം.എസ് ധോണിയുമുണ്ടാകും. ഏറെ കാലം ടീം ഇന്ത്യയുടെ നായക സ്ഥാനത്തിരുന്ന്, അന്ന് വരെ ഇന്ത്യ സ്വപ്നം കണ്ടിരുന്ന കിരീടങ്ങളെല്ലാം ഇന്ത്യക്ക് നേടിതന്നു ഈ റാഞ്ചിക്കാരന്. ഇന്നും ധോണിയോടൊപ്പം ഒരു മത്സരമെങ്കിലും അല്ലെങ്കില്‍ ഡ്രസിങ് റൂമിലെങ്കിലും ഇരിക്കാനാവണെ എന്നാണ് യുവതാരങ്ങളൊക്കെ ആഗ്രഹിക്കുന്നത്. ധോണിയുടെ ‘കൂള്‍ പ്രകൃതം’ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ബാറ്റിങില്‍ ഫോം ഇല്ലെങ്കിലും ധോണി ഇപ്പോഴും ടീമിന് അനിവാര്യമാണെന്ന് അടുത്തിടെയും നായകന് കോഹ് ലി തന്നെ വ്യക്തമാക്കിയതാണ്. ധോണിയോടൊപ്പം ചെലവഴിച്ചവര്ക്കെല്ലാം ഓരോന്ന് പറയാനുണ്ടാകും.
മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ് തന്റെ ആത്മകഥയില്‍ ധോണിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ തരംഗമാവുന്നത്. 281 ആന്റ് ബിയോണ്ട് എന്നാണ് ആത്മകഥയുടെ പേര്.
ധോണിയെക്കുറിച്ചോര്ക്കുമ്പോള് ഒഴിച്ചുകൂടാനാവാത്തത് എന്തെന്നാല്‍ ഒരിക്കല്‍ അദ്ദേഹം ടീം ബസ് ഓടിച്ചതാണ്. സ്റ്റേഡിയത്തില്‍ നിന്ന് നാഗ്പൂരിലെ ഹോട്ടലിലേക്ക് പുറപ്പെട്ട ടീം ഇന്ത്യയുടെ ബസാണ് അന്ന് ധോണി ഓടിച്ചത്, നാഗ്പൂരിലേത് എന്റെ 100ാമത്തെ ടെസ്റ്റ് കൂടിയായിരുന്നു. ധോണിയെ ഡ്രൈവിങ് സീറ്റില്‍ കണ്ടപ്പോ എനിക്ക് വിശ്വസിക്കാനായില്ല, ടീം ക്യാപ്റ്റന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ഞങ്ങളെ ഡ്രൈവ് ചെയ്യുന്നു. അതും അനില്‍ കുംബ്ലെ വിരമിച്ച ശേഷം ധോണി നായകസ്ഥാനം ഏറ്റെടുത്ത ആദ്യ ടെസ്റ്റില്‍. ഒന്നിനെയും കൂസാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റെതെന്നും എല്ലായ്പ്പോഴും സന്തോഷത്തോടെയും കളിതമാശയോടെയുമാണ് ധോണിയെ കാണാറുള്ളൂവെന്നും ലക്ഷ്മണ് പറയുന്നു. ടീം മോശമാകുമ്പോഴും വളരെ ശാന്തതയോടെ മാത്രമെ ധോണി പെരുമാറാറുള്ളൂവെന്നും ലക്ഷ്മണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
2011ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പ്രയാസപ്പെട്ടപ്പോള്‍ ധോണിയുടെ ശാന്തമായ പെരുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നുവെന്നും ലക്ഷ്മണ് പുസ്തകത്തില്‍ പറയുന്നു. എം.എസ് ധോണിയുടെ പക്വമായ പെരുമാറ്റവും മനസ്സാന്നിദ്ധ്യവും എടുത്തുപറയേണ്ടതാണ്, 2011ലെ ഇംഗ്ലണ്ട് പരമ്പര വരെ ജയമല്ലാതെ മറ്റൊന്നും ധോണിക്കില്ലായിരുന്നു, ഇംഗ്ലണ്ടിനെതിരെ 4-0ത്തിന് പരമ്പര തോറ്റു, ആ വര്‍ഷം അവസാനത്തോടെ ആസ്ട്രേലിയക്കെതിരായ പരമ്പരയും തോറ്റു, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു അന്ന്, എല്ലാ കളിക്കാരും അസ്വസ്ഥമായിരുന്നു, എന്നാല്‍ അവിശ്വസനീയമാം വിധം ധോണി അതിനോട് പൊരുത്തപ്പെട്ടെന്നും തോല്‍വിയില്‍ ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ലെന്നും ലക്ഷ്മണ് എഴുതുന്നു.