വിലക്ക് തുടരും; സ്മിത്തിനും വാര്‍ണര്‍ക്കും ഇന്ത്യക്കെതിരെ കളിക്കാനാവില്ല
|പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും വീണ്ടും തിരിച്ചടി. വിലക്ക് കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കാതെ സ്മിത്തിനും വാര്‍ണര്‍ക്കും ബെന്‍ക്രോഫ്റ്റിനും കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി.
ഇരുവര്‍ക്കും നേരെയുള്ള വിലക്ക് ക്രൂരമാണെന്നും അത് എത്രയും പെട്ടെന്ന് പിന്‍വലിക്കണം എന്നും ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ആസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന് നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇവരെ കളിക്കാന്‍ അനുവദിക്കണം എന്നാണ് കളിക്കാരുടെ സംഘടന ഒടുവില്‍ ആവശ്യപ്പെട്ടത്.
2019 മാര്‍ച്ച് 29 കഴിയാതെ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന വ്യക്തമാക്കുന്നതാണ് ആസ്ട്രേലിയ ക്രിക്കറ്റിന്റെ തീരുമാനം. ഇരുവര്‍ക്കും നല്കിയ ശിക്ഷ അമിതമാണെന്ന അഭിപ്രായമായിരുന്നു കളിക്കാരുടെ സംഘടനയ്ക്ക് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ആസ്ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരുണ്ടല്‍ വിവാദം അരങ്ങേറിയത്.