പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം
|ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലാന്റിനെ 34 റണ്‍സിനും ആസ്ത്രേലിയയെ 48 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യക്ക് ആ കണക്കുകള്‍ തീര്‍ക്കാന്‍ ടി20 ലോകകപ്പ് ഒരു അവസരം നല്‍കിയിരിക്കുകയാണ്. ടൂര്‍ണ്ണമെന്റില്‍ പരാജയമറിയാതെ യാത്ര തുടരുന്ന ടീം ഇന്ത്യക്ക് സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ടാണ്. 2017 ജൂണില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഒന്‍പത് റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് ടി20 സെമിഫൈനല്‍ പോരാട്ടം.
എല്ലാ കളികളും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലാന്റിനെ 34 റണ്‍സിനും ആസ്ത്രേലിയയെ 48 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ഇന്ത്യ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് നായിക ഹര്‍മന്‍പ്രീത് കൌറിലാണ്. ന്യൂസിലാന്റിനെതിരെ നേടിയ സെഞ്ച്വറിയടക്കം 167 റണ്‍സ് നേടി ടൂര്‍ണ്ണമെന്റിലെ റണ്‍വേട്ടയില്‍ ഹര്‍മന്‍പ്രീത് കൌര്‍ മുന്നിലാണ്. ബൌളിങ്ങില് പൂനം യാദവും (എട്ട് വിക്കറ്റുകള്‍) രാധാ യാദവും (ഏഴ് വിക്കറ്റുകള്‍) മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്.
ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ഫാസ്റ്റ് ബൌളര്‍ അന്യ ഷ്രൂബ്സോലെയിലാണ് (ഏഴ് വിക്കറ്റ്). ഗ്രൂപ്പ് മത്സരങ്ങളെല്ലാം കളിച്ച ഗുയാനയില്‍ നിന്നൊരു വേദി മാറ്റം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം.