വീണ്ടും മഴ വില്ലനായെത്തി; മെല്‍ബണില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ
|കളി 19 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ വീണ്ടും കളിയിലെ വില്ലനായി രംഗപ്രവേശനം ചെയ്തു
മഴ വില്ലനായെത്തിയ മെല്‍ബണില്‍ ഇന്ത്യക്ക് 137 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം കളി 19 ഓവറായി ചുുരുക്കിയുട്ടുണ്ട്. മികച്ച ബൌളിങ് പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച വച്ചത്. ബോള്‍ ചെയ്ത ഏല്ലാവരും വിക്കറ്റുകള്‍ കൊയ്തു. ബുവനേശ്വര്‍ കുമാറും ഖലീല്‍ അഹ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ചയാണ് ആസ്ത്രേലിയക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. മുന്‍നിര ബാറ്റ്സ്മാന്മാര്ക്കെല്ലാം ചുവട് പിഴച്ചു. സ്കോര്‍ ഒന്നില്‍ നില്ക്കുമ്പോള് തന്നെ റണ്ണൊന്നുമെടുക്കാതെ ആരോണ്‍ ഫിഞ്ച് കീഴടങ്ങി. ഇന്നിങ്സിന് ഒരു താളം വന്ന് തുടങ്ങിയെന്ന് തോനിയപ്പോഴേക്കും പതിമൂന്ന് റണ്‍സെടുത്ത ക്രിസ് ലിനിനെ ഖലീല്‍ അഹ്മദ് മടക്കി. പിന്നാലെ തന്നെ ആര്‍ക്കി ഷോട്ടിനെയും ഖലീല്‍ പുറത്താക്കി. മാര്‍ക്കസ് സ്റ്റോയിണിസ് നാല് റണ്‍സെടുത്ത് പുറത്തായതോടെ ആസ്ത്രേലിയ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പക്ഷെ, ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗ്ലെന്‍ മാക്സ്വെല് സമ്യമനം പാലിച്ച് മുന്നോട്ട് നീങ്ങി.
എന്നാല്‍ പതിനൊന്നാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികച്ച പന്ത് മാക്സ്വെല്ലിനെ ക്ലീന്‍ ബൌള്‍ഡാക്കി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണ്ടും വീണുകൊണ്ടിരുന്നു. നാല് റണ്‍സെടുത്ത അലക്സ് ക്യാരിയെ കുല്‍ദീപ് യാദവും പുറത്താക്കി. കൌള്ട്ടര്നൈല് രണ്ട് സിക്സറുകളെല്ലാം പറത്തി വീണ്ടും പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ചെങ്കിലും അത് 18 റണ്ണെടുത്തപ്പോള്‍ തന്നെ അവസാനിച്ചു. 32 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ മക്ഡോര്‍മെന്റ് ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്പില് പിടിച്ച് നിന്നു. കളി 19 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ വീണ്ടും കളിയിലെ വില്ലനായി രംഗപ്രവേശനം ചെയ്തു.