ലോകകപ്പ് ഫൈനലിലെ ധോണിയുടെ സ്വയം പ്രമോഷന് പിന്നിലെ യഥാര്‍ഥ കാരണം
|79 പന്തുകളില്‍ നിന്നും പുറത്താകാതെ 91 റണ്‍സെടുത്ത് ഒരു സിക്സോടെ ഇന്ത്യയെ ലോക ചാമ്പ്യന്‍മാരാക്കിയ ധോണിയുടെ ഇന്നിങ്സ് ഇന്നും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്.
2011 ലോകകപ്പ് ഫൈനലില്‍ സ്വയം ബാറ്റിങ് പൊസിഷന്‍ ഉയര്‍ത്തി ക്രീസിലെത്തിയ എം.എസ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകം ഒരുപാട് ആഘോഷിച്ചതാണ്. തുടക്കത്തിലേ വിരേന്ദര്‍ സെവാഗിനെയും സച്ചിന്‍ തെണ്ടുല്‍ക്കറിനെയും നഷ്ടപ്പെട്ട ഇന്ത്യയെ സ്വപ്നതുല്യമായ ഒരു വിജയത്തിലേക്കാണ് ധോണി നയിച്ചത്. ഓപ്പണര്‍ ഗൌതം ഗംഭീറും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 83 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഇരുപത്തിരണ്ടാം ഓവറില്‍ കോഹ്‍ലി പുറത്തായതോടെയാണ് അന്നത്തെ നായകന്‍ മഹേന്ദ്ര സിങ് ധോണി അഞ്ചാമനായി ഇറങ്ങേണ്ടിയിരുന്ന യുവരാജിന് പകരം കളത്തിലിറങ്ങുന്നത്.
79 പന്തുകളില്‍ നിന്നും പുറത്താകാതെ 91 റണ്‍സെടുത്ത് ഹെലിക്കോപ്റ്റര്‍ ഷോട്ടില്‍ പിറന്ന സിക്സോടെ ഇന്ത്യയെ ലോക ചാമ്പ്യന്‍മാരാക്കിയ ധോണിയുടെ ഇന്നിങ്സ് ഇന്നും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
യുവരാജിന് മുന്‍പ് ധോണി സ്വയം ക്രീസിലിറങ്ങാന്‍ തീരുമാനിച്ചതിന് പിന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കിയ പരിചയസമ്പത്താണെന്ന് മഹി പറയുന്നു. താന്‍ നായകസ്ഥാനം വഹിക്കുന്ന എെ.പി.എല്‍ ടീമായ ചെന്നൈയില്‍ തന്‍റെ കൂടെ കളിക്കുന്ന താരങ്ങളായ മുത്തയ്യ മുരളീധരനും നുവാന്‍ കുലശേഖരയും ആയിരുന്നു ആ സമയം ശ്രീലങ്കന്‍ ബൌളിങിന് ചുക്കാന്‍ പിടിച്ച് കൊണ്ടിരുന്നിരുന്നത്. മുരളീധരന് യാതൊരു പഴുതും കൊടുക്കാതെ ഗംഭീറിന്‍റെ കൂടെ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ഇന്നിങ്സിന് ധോണി നട്ടെല്ല് പാകി.
ശ്രീലങ്കയിലെ മിക്ക താരങ്ങളും തന്‍റെ കൂടെ ചെന്നൈ സൂപ്പര്‍ കിങ്സില്‍ കളിച്ചിട്ടുള്ളതാണ്. കോഹ്‍ലി പുറത്തായപ്പോള്‍ മുരളീധരനായിരുന്നു ബൌളര്‍. മുരളീധരനുമൊത്ത് സി.എസ്.കെ നെറ്റുകളില്‍ ഒരുപാട് പരിശീലനം നടത്തിയതിന്‍റെ പരിചയസമ്പത്ത് തനിക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്കെതിരെ റണ്‍ നേടാനാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നു. അത് ഫലം കാണുകയും ചെയ്തുവെന്നും ധോണി പറഞ്ഞു. അന്ന് 97 റണ്ണെടുത്ത് ഗംഭീര്‍ കീഴടങ്ങിയെങ്കിലും അടിപതറാതെ ധോണി വിജയത്തിലേക്ക് നയിച്ചു.