Cricket
ധോണിക്ക് കീഴില്‍ യുവി കളിക്കുമോ?
Cricket

ധോണിക്ക് കീഴില്‍ യുവി കളിക്കുമോ?

Web Desk
|
23 Nov 2018 10:42 AM GMT

ഓള്‍ റൗണ്ട് പ്രകടനം കൊണ്ട് ഫീല്‍ഡില്‍ ചീറ്റപ്പുലിയാകുന്ന യുവരാജ് സിംങിന്റെ നിഴലിനെ മാത്രമാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കണ്ടത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിംങ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. 2007ലെ ടി ട്വന്റി ലോകകപ്പും ഏകദിന ലോകകപ്പും ഇന്ത്യ നേടുന്നതില്‍ പ്രധാന പങ്ക് യുവരാജ് സിംങിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിനുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പ്രതിഭയുടെ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ യുവി ബുദ്ധിമുട്ടുകയാണ്.

ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ പണമെറിഞ്ഞ് ടീമുകള്‍ സ്വന്തമാക്കിയ പേരുകളുടെ കൂട്ടത്തില്‍ യുവരാജ് സിംങുമുണ്ടായിരുന്നു. കിംങ്‌സ് ഇലവന്‍ പഞ്ചാബിലായിരുന്നു തുടക്കം. പഞ്ചാബ് ക്യാപ്റ്റനായിരുന്ന യുവി പിന്നീട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെത്തി. പിന്നീട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേയും കുപ്പായത്തില്‍ യുവരാജ് സിംങിനെ കണ്ടു. എന്നാല്‍ അവസാന സീസണുകളില്‍ ഫോം കണ്ടെത്താനാകാതെ കഷ്ടപ്പെടുന്ന യുവരാജ് സിംങിനെയാണ് കണ്ടത്.

കഴിഞ്ഞ സീസണില്‍ രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി യുവരാജ് സിംങിന് ഇട്ടിരുന്നത്. പഞ്ചാബ് മാത്രമായിരുന്നു ഈ വിലക്ക് യുവിയെ വാങ്ങാന്‍ തയ്യാറായത്. എട്ട് കളികളില്‍ നിന്നും വെറും 65 റണ്‍സാണ് യുവരാജ് സിംങ് നേടിയത്. ശരാശരിയാകട്ടെ 10.83 റണ്ണിലൊതുങ്ങി. ഉയര്‍ന്ന സ്‌കോര്‍ 20 റണ്‍സ്. ഓള്‍ റൗണ്ട് പ്രകടനം കൊണ്ട് ഫീല്‍ഡില്‍ ചീറ്റപ്പുലിയാകുന്ന യുവരാജ് സിംങിന്റെ നിഴലിനെ മാത്രമാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കണ്ടത്.

ഡിസംബറില്‍ ഐ.പി.എല്‍ ലേലം നടക്കാനിരിക്കെ യുവരാജ് സിംങിനുവേണ്ടി ചെന്നൈ സൂപ്പര്‍കിംങ്‌സ് ഫാന്‍സാണ് രംഗത്തെത്തിയിരിക്കുന്നത്. ധോണിയും സംഘവും ടീമിലെടുത്താല്‍ യുവിയില്‍ നിന്നും ഗംഭീരപ്രകടനം പ്രതീക്ഷിക്കാമെന്നാണ് സിഎസ്‌കെ ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ ഏറ്റവും 'സീനിയറായ' ടീമുമായെത്തി കിരീടം നേടി ചെന്നൈ ചരിത്രം സൃഷ്ടിച്ചിരുന്നു. 36കാരനായ യുവരാജ് സിംങിന് ചെന്നൈ സൂപ്പര്‍ കിംങ്‌സില്‍ തിളങ്ങാനാകുമെന്നാണ് ആരാധക പ്രതീക്ഷ.

മൈതാനത്തിന് അകത്തും പുറത്തും ഊഷ്മള ബന്ധമുള താരങ്ങളാണ് ധോണിയും യുവിയും. ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളും സിക്‌സര്‍ പറത്തുമ്പോള്‍ ക്രീസില്‍ കാഴ്ച്ചക്കാരനായി ധോണിയുമുണ്ടായിരുന്നു.

Similar Posts