മുരളി വിജയിന് സെഞ്ചുറി, പരിശീലന മത്സരം സമനിലയില്‍
|ഒരു ഓവറില്‍ 26 റണ്ണടിച്ചാണ് മുരളി വിജയ് മത്സരം തീരും മുമ്പേ സെഞ്ചുറി പൂര്‍ത്തിയാക്കിയത്...
112 പന്തില്‍ 74 റണ്‍സുമായി മുരളി വിജയ് നില്‍ക്കുമ്പോഴാണ് ജേക് കാര്‍ഡര്‍ പന്തെറിയാനെത്തിയത്. പിന്നെ കണ്ടത് തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പ്രവഹിക്കുന്നതാണ്. 26 റണ്‍ വഴങ്ങി കാര്‍ഡര്‍ ഓവര്‍ അവസാനിപ്പിക്കുമ്പോള്‍ മുരളി വിജയ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. കൂറ്റന്‍ സ്‌കോറുകളുടെ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ മികവ് തെളിയിച്ചപ്പോള്‍ ബൗളര്‍മാരെ ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവന്‍ വെള്ളം കുടിപ്പിക്കുകയും ചെയ്തു.
സ്‌കോര്‍- ഇന്ത്യ 358, 211/2, ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവന്‍ 544.
രണ്ടാം ഇന്നിംങ്‌സില്‍ 2ന് 211 എന്ന നിലയില്‍ ഇന്ത്യയെത്തി നില്‍ക്കുമ്പോഴാണ് ഇരു ക്യാപ്റ്റന്മാരും ചതുര്‍ദിന പരിശീലന മത്സരം സമനിലയിലാക്കാന്‍ സമ്മതിച്ചത്. രണ്ടാം ഇന്നിംങ്‌സില്‍ മുരളി വിജയിന്(132 പന്തില്‍ 129) പുറമേ കെ.എല്‍ രാഹുല്‍(62) അര്‍ധ സെഞ്ചുറി നേടി. 16 ബൗണ്ടറിയും അഞ്ച് സിക്‌സറുകളും മുരളി വിജയ് അടിച്ചെടുത്തു. എട്ട് ബൗണ്ടറിയുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിലായിരുന്നു കെ.എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറി.
നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവനെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിയര്‍ക്കേണ്ടി വന്നിരുന്നു. മൂന്ന് ആസ്‌ത്രേലിയന്‍ താരങ്ങള്‍ അര്‍ധ സെഞ്ചുറിയും ക്യാപ്റ്റന്‍ നീല്‍സണ്‍ സെഞ്ചുറിയും നേടി. സെഞ്ചുറി നേടിയ നീല്‍സണെ പുറത്താക്കിയത് പതിവില്ലാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്ത് ഒഴികെ എല്ലാവരും ക്രിക്കറ്റ് ആസ്‌ത്രേലിയക്കെതിരെ പന്തെറിഞ്ഞു. എന്നാല്‍ പ്രധാന ബൗളര്‍മാരായ ബുംറയ്ക്കും കുല്‍ദീപ് യാദവിനും വിശ്രമം അനുവദിച്ചുകൊണ്ടുള്ള തന്ത്രമായിരുന്നു ഇന്ത്യ പരിശീലന മത്സരത്തില്‍ സ്വീകരിച്ചത്. ബുംറ 1.1 ഓവര്‍ മാത്രമെറിഞ്ഞ് റണ്‍സൊന്നും വിട്ടുകൊടുക്കാതെ ഒരു വിക്കറ്റ് നേടി. കുല്‍ദീപ് ഒരു ഓവര്‍ മാത്രമാണെറിഞ്ഞത്.
അശ്വിനാണ്(40) കൂടുതല്‍ ഓവര്‍ എറിഞ്ഞത്. രണ്ട് വിക്കറ്റ് അശ്വിന്‍ വിയര്‍ത്ത് നേടി. മൂന്ന് വിക്കറ്റെടുത്ത ഷമിക്ക് പുറമേ ഉമേഷ് യാദവിനും ഇശാന്ത് ശര്‍മ്മക്കും കോഹ്ലിക്കും ഓരോ വിക്കറ്റുകള്‍ ലഭിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിംങ്‌സില്‍ പൃഥ്വി ഷാ(66), പുജാര(54), കോഹ്ലി(64), രഹാനെ(56), ഹനുമ വിഹാരി(53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.